കോട്ടയം: കോട്ടയം വാകത്താനത്ത് കാറിന് തീപിടിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു.പാണ്ടച്ചിറ ഓട്ടുകാട്ട് സാബു(57) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.കഴിഞ്ഞ ദിവസമാണ് സാബു ഓടിച്ച കാറിന് തീപിടിച്ചത്. വീടിന് 20 മീറ്റർ അകലെവച്ചായിരുന്നു അപകടം. ഗുരുതരമായി പൊള്ളലേറ്റ സാബുവിനെ അഗ്നിശമന സേനാംഗങ്ങൾ എത്തി തീയണച്ചതിന് ശേഷമായിരുന്നു മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തിൽ കാർ പൂർണ്ണമായും കത്തി നശിച്ചിരുന്നു. സമാനമായ രീതിയിൽ മാവേലിക്കരയിലും കാർ കത്തി യുവാവ് മരിച്ചിരുന്നു.മാവേലിക്കര ഗേൾസ് സ്കൂളിന് സമീപത്ത് കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടിൽ കൃഷ്ണ പ്രകാശ് എന്ന കണ്ണനായിരുന്നു കാർ വീട്ടിലേക്ക് കയറ്റുന്നതിനിടെ തീ പിടിച്ച് മരിച്ചത്. സംഭവത്തിൽ കാറിനുള്ളിൽ സ്പ്രേയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി ഫോറൻസിക് സംഘം കണ്ടെത്തിയിരുന്നു. സ്പ്രേയിലേക്ക് ലൈറ്ററിൽ നിന്ന് തീ പടർന്നതാകാം തീ പിടിത്തതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.