അനീഷിന് ഇക്കുറി നിറം മങ്ങിയ ഓണം, കെ.എസ്.ഇ.ബി അധികൃതര്‍ വെട്ടിയത് 460 കുലച്ച വാഴകള്‍, ഉദ്യോഗസ്ഥരുടെ നടപടിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കൃഷിമന്ത്രി

തിരുവനന്തപുരം: ടച്ചിങ് വെട്ടലിന്റെ പേരില്‍ മുന്നറിയിപ്പില്ലാതെ കെ.എസ്.ഇ.ബി അധികൃതര്‍ വെട്ടി നശിപ്പിച്ചത് അനീഷിന്റെ കുലക്കാറായ 460 വാഴകള്‍. വാരപ്പെട്ടിയില്‍ 220 കെ.വി. ലൈനിന് താഴെയുള്ള ഭൂമിയില്‍ കൃഷി ചെയ്തിരുന്ന വാഴകളാണ് വെട്ടിയത്. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കോതമംഗലം പുതുപ്പാടി സ്വദേശി അനീഷിന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. കെഎസ്ഇബി വാഴ കൃഷി വെട്ടി നശിപ്പിച്ച സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് കൃഷി മന്ത്രി പി പ്രസാദ് രംഗത്തെത്തി. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നടപടി അത്യന്തം ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് മന്ത്രി വ്യക്തമാക്കി. ഒരു കര്‍ഷകന്‍ തന്റെ വിളകളെ പരിപാലിക്കുന്നത് കുഞ്ഞുങ്ങളെ പോറ്റി വളര്‍ത്തുന്നതുപോലെയാണ്. ഒരു കര്‍ഷകന്റെ വിയര്‍പ്പിന് വില നല്‍കാതെ അവന്റെ വിളകളെ വെട്ടി നശിപ്പിച്ചത് തീര്‍ത്തും ക്രൂരതയാണ്.
ഈ സ്ഥലത്ത് വാഴ കൃഷി ചെയ്യാന്‍ പാടില്ലായെങ്കില്‍ നേരത്തേ തന്നെ കെഎസ്ഇബി ഇടപെടേണ്ടതായിരുന്നു. വാഴ കുലച്ച് കുലകള്‍ വില്‍ക്കാറായ സമയത്ത് ഏകപക്ഷീയമായി ഒരു കര്‍ഷകന്റെ അധ്വാനത്തെ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഈ വിഷയം ഗൗരവമായി കണ്ട് ഇതിനോടകം തന്നെ അദ്ദേഹം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇത്തരം ദുരനുഭവങ്ങള്‍ കര്‍ഷകര്‍ക്ക് ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ഓണം വിപണി ലക്ഷ്യമാക്കി വാഴകൃഷി നടത്തിയ അനീഷ് കെഎസ്ഇബി ജീവനക്കാരുടെ നടപടിയില്‍ വിഷമത്തിലാണ്. ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് കെഎസ്ഇബിയുടെ നടപടിയെന്ന് അനീഷ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സംഭവം. കെഎസ്ഇബി ജീവനക്കാരെത്തി 406 വാഴകള്‍ വെട്ടി നശിപ്പിക്കുകയായിരുന്നു. എന്നാല്‍ ഒരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ല. വാഴകൃഷി ചെയ്യരുതെന്നോ പറഞ്ഞിരുന്നില്ലെന്നു അനീഷ് കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഉപ്പളയിലെ യുവ കരാറുകാരനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി; സ്‌കൂട്ടര്‍ പാലത്തിനു മുകളില്‍ ഉപേക്ഷിച്ച നിലയില്‍, മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ്, മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

You cannot copy content of this page