ഹൈദരബാദ്: മാവോയിസ്റ്റ് വിപ്‌ളവഗായകന്‍ ഗദ്ദര്‍(77) അന്തരിച്ചു. അന്ത്യം ഹൈദരബാദിലെ അപ്പോളോ ആശുപത്രിയില്‍. വിപ്ലവ കവി, ഗായകന്‍ എന്ന നിലയില്‍ സമര രംഗങ്ങളില്‍ സജീവമായിരുന്നു. ഗുമ്മാഡി വിട്ടല്‍ റാവു എന്നാണ് യഥാര്‍ഥപേര്. 1980 കളില്‍ ഒളിവില്‍ പോകുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്) അംഗമാവുകയും ചെയ്തിരുന്നു. സിപിഐ (എംഎല്‍)ന്റെ സാംസ്‌കാരിക കൂട്ടായ്മയായ ജന നാട്യ മണ്ഡലിന്റെ സ്ഥാപക നേതാവുായിരുന്നു. കഴിഞ്ഞ മാസം ഗദ്ദര്‍ പ്രജാ പാര്‍ട്ടി എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. 1997 ല്‍ ഇദ്ദേഹത്തിന് നേരെ വധശ്രമം നടന്നിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും, അദ്ദേഹത്തിന്റെ സുഷുമ്‌നാ നാഡിയില്‍ ഒരു വെടിയുണ്ട ഉണ്ടായിരുന്നു. എഞ്ചിനീയറിംഗ് പഠനത്തിനു ശേഷം ബാങ്ക് ജോലിയില്‍ പ്രവേശിച്ച ഗദ്ദര്‍ പിന്നീടാണ് മാവോയിസ്റ്റ് പ്രസ്ഥാനത്തിലേക്ക് തിരിയുന്നത്. രാജ്യത്തെ മാവോയിസ്റ്റ് സംഘടനകള്‍ക്ക് പ്രചോദനം പകരുന്ന വിപ്ലവഗാനങ്ങളാണ് ഗദ്ദര്‍ ആലപിച്ചിരുന്നത്. അരികു ചേര്‍ക്കപ്പെട്ട ജനയതുടെയും ദളിതന്റെയും നൊമ്പരവും പ്രതിഷേധവും ജ്വലിക്കുന്ന വരികള്‍ ആലപിക്കുന്ന ഗായകനെന്ന നിലയില്‍ ഗദ്ദര്‍ ജനകീയ കവിയായി. പീപ്പ്ള്‍സ് വാര്‍ ഗ്രൂപ്പിന്റെ പോരാളിയും ദലിത് ആക്ടിവിസ്റ്റുമായ ഗദ്ദര്‍ ജനകീയ വിപ്‌ളവത്തിന്റെ മഹാസ്തംഭമായി വിശേഷിപ്പിക്കപ്പെട്ടിരുന്ന ഗദ്ദറിന്റെ ഗാനങ്ങള്‍ മാവോയിസ്റ്റുകളുടെ സായുധ പോരാട്ടങ്ങള്‍ക്ക് കരുത്തുപകര്‍ന്നിരുന്നു.