ജനരോഷം ശക്തമായി, കോത്തായി മുക്കിലെ മദ്യശാലയ്ക്ക് താഴുവീണു
പയ്യന്നൂര്‍: ജനരോഷം ശക്തമായതോടെ കോത്തായി മുക്കില്‍ സ്ഥാപിച്ച കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്പനശാല പിലാത്തറയിലേക്ക് മാറ്റി. ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി കൊണ്ടാണ് ചെറുപുഴയിലെ മദ്യവില്‍പനശാല മാസങ്ങള്‍ക്ക് മുമ്പ് കോത്തായി മുക്കിലേക്ക് മാറ്റിയത്. ജനവാസ കേന്ദ്രത്തിലെ മദ്യവില്‍പനശാലക്കെതിരെ സമീപവാസികളും, നാട്ടുകാരും പ്രക്ഷോഭത്തിയായിരുന്നു. ഈ പ്രതിഷേധത്തിലൊടുവിലാണ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ മദ്യവില്‍പനശാല അടച്ചു പൂട്ടിയത്. ചെറുപുഴയില്‍ മദ്യവില്‍പനശാല ലാഭകരമല്ലെന്ന കാരണത്താലാണു അടച്ചുപൂട്ടിയതെന്നു പറയുന്നു.
മാര്‍ച്ച് 23-നാണ് ഇവിടെ ദേശീയപാതയോട് തൊട്ടുരുമ്മിനില്‍ക്കുന്ന ഇരുനില കെട്ടിടത്തില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്‍പനശാല തുറന്നത്. ഒരു മുന്നറിയിപ്പുമില്ലാതെയായിരുന്നു ചെറുപുഴയില്‍ നിന്ന് മാറ്റിസ്ഥാപിച്ചത്. അപകടങ്ങള്‍ പതിവായ റോഡരികിലാണ് കോത്തായി മുക്കില്‍ മദ്യശാല തുറന്നത്. ദേശീയപാതയോരത്ത് മദ്യശാല പാടില്ലെന്ന നിയമം ലംഘിച്ചാണ് ശാല ആരംഭിച്ചത്. കണ്ടോത്ത് ജനവാസകേന്ദ്രത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്പനശാല തുടങ്ങിയതിനെതിരേ പ്രതിഷേധം ശക്തമായിരുന്നു.
