തിരുവനന്തപുരം: ഗുണ്ടാ സംഘം യുവാവിനെ കൊണ്ട് കാലില്‍ ചുംബിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. നിരവധി കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവ് ഡാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് തുമ്പ പൊലീസ് കേസെടുത്തത്. ഭീഷണിപ്പെടുത്തല്‍, മര്‍ദിക്കല്‍ എന്നിവയ്ക്കാണ് കേസെടുത്തത്. എസ്.സിഎസ്ടി നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
യുവാവില്‍നിന്നു പിടിച്ചുവാങ്ങിയ ഫോണ്‍ തിരികെ നല്‍കാന്‍ തന്റെ കാലു പിടിക്കാനും കാലില്‍ ചുംബിക്കാനും ഭീഷണിപ്പെടുത്തിയ ഗുണ്ട എയര്‍പോര്‍ട്ട് ഡാനി (ഡാനിയേല്‍)യുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഡാനിയും മറ്റൊരു സംഘവുമായി നേരത്തെ അടിപിടിയുണ്ടായിയെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ തുടര്‍ച്ചയായി ബൈക്കില്‍ എത്തിയ യുവാവിനെ അനന്തപുരി ആശുപത്രിക്കു സമീപംവച്ച് ഡാനിയുടെ സംഘം മര്‍ദിച്ചു. യുവാവിനെ തടഞ്ഞു നിര്‍ത്തി ആദ്യം ആക്രമിക്കാനായിരുന്നു പദ്ധതി എങ്കിലും പിന്നീട് കാല് പിടിച്ചാല്‍ വെറുതെ വിടാമെന്നായി. ഒരു കാലില്‍ തൊട്ടപ്പോള്‍ അതുപോര രണ്ടു കാലിലും പിടിക്കമണമെന്ന് ഭീഷണിപ്പെടുത്തി. അതു ചെയ്തപ്പോള്‍ കാലില്‍ ചുംബിച്ചാലേ ഉപദ്രവിക്കാതിരിക്കൂ എന്ന് പറഞ്ഞു. ജീവനില്‍ ഭയന്ന് യുവാവ് ഡാനിയുടെ കാലില്‍ ചുംബിക്കുകയായിരുന്നു.
മൊബൈല്‍ ഫോണ്‍ വേണമെങ്കില്‍ കാലില്‍പിടിക്കാന്‍ ഭീഷണിപ്പെടുത്തി. യുവാവ് കാലില്‍പിടിച്ചപ്പോള്‍ വീണ്ടും കാലില്‍ പിടിക്കാന്‍ ഡാനി ആക്രോശിച്ചു. മൂന്നു തവണ യുവാവിനെക്കൊണ്ട് കാലു പിടിപ്പിച്ചു. പിന്നീട് കാലില്‍ ചുംബിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. യുവാവിനെ ആരും ആക്രമിക്കുകയോ ബോംബ് എറിയുകയോ ചെയ്യരുതെന്നും ഡാനി പറയുന്നത് വിഡിയോയിലുണ്ട്. യുവാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. വിഡിയോ പ്രചരിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്.
തുമ്പയ്ക്കടത്തു കരിമണലിലായിരുന്നു സംഭവം നടന്നത്. ഡാനിയും കൂട്ടരും ചേര്‍ന്നാണ് യുവാവിനെ കാലുപിടിപ്പിക്കുകയും നിര്‍ബന്ധിച്ച് ചുംബിപ്പിക്കുകയും ചെയ്തു. കുപ്രസിദ്ധ ഗുണ്ട എയര്‍പോര്‍ട് സാജന്റെ മകനാണ് ഡാനി.