ബംഗളൂരു: ചാര്‍ജു ചെയ്തുകൊണ്ടിരിക്കുന്ന മൊബൈല്‍ ചാര്‍ജറിന്റെ വയറിന്റെ അറ്റം വായയിലിട്ട കുഞ്ഞിന് ഷോക്കേറ്റ് ദാരുണാന്ത്യം. ബുധനാഴ്ച ഉത്തര കന്നഡയിലെ കാര്‍വാര്‍ താലൂക്കിലെ സിദ്ധര ഗ്രാമത്തിലാണ് സംഭവം. സന്തോഷ് കല്‍ഗുട്കറിന്റെയും സഞ്ജനയുടെയും എട്ട് മാസം പ്രായമുള്ള സാനിധ്യ കല്‍ഗുട്കര്‍ ആണ് മരിച്ചത്. മൊബൈല്‍ ചാര്‍ജ് ചെയ്ത ശേഷം പ്ലഗിന്റെ സ്വിച്ച് ഓഫാക്കാന്‍ വീട്ടുകാര്‍ മറന്നിരുന്നു. കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടി ചാര്‍ജര്‍ വയറിന്റെ അറ്റം വായയിലിടുകയായിരുന്നു. ഈ സമയത്ത് ശക്തമായ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നു.
ഉടന്‍ തന്നെ കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. രണ്ടുകുട്ടികളില്‍ ഒരാളുടെ ജന്മദിനമായിരുന്നു ഇന്നലെ. ഹെസ്‌കോമിലെ കരാര്‍ തൊഴിലാളിയായ കുട്ടിയുടെ പിതാവ് സന്തോഷ് കല്‍ഗുട്കര്‍. മകള്‍ മരിച്ച വാര്‍ത്തയറിഞ്ഞ ഇദ്ദേഹം വാര്‍ത്ത കേട്ട് ജോലിസ്ഥലത്ത് കുഴഞ്ഞുവീണു. ഇയാളെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കാര്‍വാര്‍ റൂറല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്
