പ്രാർത്ഥനകൾ വിഫലം; വെള്ളക്കെട്ടിൽ വീണ് കാണാതായ ആൽബിന്‍റെ മൃതദേഹം കണ്ടെത്തി;  വിവരമറിഞ്ഞ് കുഴഞ്ഞ് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം;ദു:ഖ സാന്ദ്രമായി ബങ്കളം

നീലേശ്വരം: ബന്ധുക്കൾക്കൊപ്പം വെള്ളകെട്ടിൽ നീന്തവെ കാണാതായ വിദ്യാർഥിയുടെ മൃതദേഹം  കണ്ടെത്തി. ബങ്കളം പാൽ സൊസൈറ്റിക്ക് സമീപം ജമാഅത്ത് ക്വാട്ടേഴ്സിൽ താമസിക്കുന്ന സെബാസ്റ്റ്യന്റെ മകൻ ആൽബിൻ സെബാസ്റ്റ്യ( 17 )ന്‍റെ മൃതദേഹമാണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ രാവിലെ കണ്ടെത്തിയത്.ആൽബിന്‍റെ മരണവിവരമറിഞ്ഞ് അയൽവാസിയായ വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു. പാൽ സൊസൈറ്റിക്ക് സമീപത്തെ താമസക്കാരിയായ വിലാസിനി (62) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. ആല്‍ബിനെ ഇന്നലെ വെള്ളക്കെട്ടില്‍ കാണാതായ വിവരമറിഞ്ഞതു മുതല്‍ അസ്വസ്ഥതയിലായിരുന്നു വിലാസിനിയെന്നു നാട്ടുകാര്‍ പറഞ്ഞു. തെരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി എത്തിയ ഫയര്‍ഫോഴ്‌സ്‌ അടക്കമുള്ളവരുടെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നത്‌ വിലാസിനിയുടെ വീടിനു സമീപത്താണ്‌.രാവിലെ മുതല്‍ അസ്വസ്ഥതകൂടിയതിനെ തുടര്‍ന്നാണ്‌ വിലാസിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.ആല്‍ബിന്റെ അപകടമരണത്തിന്റെ നടുക്കത്തില്‍ കഴിഞ്ഞ നാട്ടുകാര്‍ക്കു ഇരട്ടിവേദനയായി വിലാസിനിയുടെ മരണം.മക്കള്‍: മനു (ബിവറേജസ്‌ കോര്‍പ്പറേഷന്‍) ശ്രീജയന്‍. മരുമക്കള്‍: ബിന്ദു, ശോഭ. മൃതദേഹം ജില്ലാ ആശുപത്രിമോര്‍ച്ചറിയിലേക്ക്‌ മാറ്റി.

തിങ്കളാഴ്ച്ച വൈകീട്ട് അഞ്ചരയോടെയാണ് ആൽബിൻ ബന്ധുക്കളായ കുട്ടികൾക്കൊപ്പം കുളിക്കാൻ എത്തിയത്. ആൽബിന്റെ മാതാവ് ദീപയും ബന്ധുക്കളും ഇത് കാണാൻ വെള്ളക്കെട്ടിന് മുകളിൽ ഉണ്ടായിരുന്നു. പെട്ടെന്നാണ് ആൽബിൻ മുങ്ങിത്താണത്. കുട്ടിയെ കാണാതായതോടെ കണ്ടുനിന്നവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ ഉടൻ തിരച്ചിൽ നടത്തി. ഫയർഫോഴ്സിന്‍റെ സ്കൂബാ ഡൈവിങ്ങ് സംഘം സ്ഥലത്തെത്തി രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം  കണ്ടെത്താനായിരുന്നില്ല. രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഓട് കമ്പനിയിലേക്ക് കളിമണ്ണെടുത്ത മൂന്നാൾ താഴ്ച്ച വരുന്ന വെളളക്കെട്ടിലാണ് കുട്ടി മുങ്ങിയത്. ഉപ്പിലിക്കൈ ഗവ.ഹയർസെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് മരിച്ച ആൽബിൻ.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
ഉപ്പളയിൽ നടന്നത് കേരളത്തിലെ ഏറ്റവും വലിയ എം.ഡി.എം.എ വേട്ട; പരിശോധന ഇപ്പോഴും തുടരുന്നു, മയക്കുമരുന്ന് ഇടപാടിന് പിന്നിൽ വൻ സ്രാവുകൾ, ജില്ലാ പൊലീസ് മേധാവിയുടെ വാർത്താസമ്മേളനം നാളെ

You cannot copy content of this page