തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ ദി കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറഡിന് കേന്ദ്ര പ്രതിരോധ മേഖലയില്‍ നിന്ന് 105 കോടിയുടെ ഓര്‍ഡര്‍. പ്രതിരോധ മേഖലയിൽ നിന്ന് കെ.എം.എം.എല്ലിന് സമീപകാലത്ത് ലഭിക്കുന്ന വലിയ ഓർഡറാണിത്. നാവിക സേനയുടെ വിവിധ ആപ്ലിക്കേഷനുകളുടെ നിര്‍മ്മാണത്തിനാണ് ടൈറ്റാനിയം സ്‌പോഞ്ചിന് വേണ്ടിയാണ് ഓർഡർ. വ്യവസായ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ നാവിക സേനാ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ടൈറ്റാനിയം സ്‌പോഞ്ച് വിപണനത്തിന് പുതിയ സാധ്യത തുറന്നത്.
5 വര്‍ഷങ്ങളിലായി വിവിധ ഗ്രേഡുകളിലുള്ള 650 ടണ്ണിന്റെ ഓര്‍ഡറാണ് ലഭിച്ചത്. ബഹിരാകാശ മേഖലയില്‍ ഉപയോഗിക്കുന്ന ഗ്രേഡിന് പുറമെ ഉല്‍പാദിപ്പിക്കപ്പെടുന്ന ടൈറ്റാനിയം സ്‌പോഞ്ച് കമ്പനിയില്‍ തന്നെ സൂക്ഷിക്കേണ്ട സ്ഥിതിയായിരുന്നു നിലവിൽ ഉണ്ടായിരുന്നത്. പുതിയ ഓര്‍ഡര്‍ ലഭിച്ചതോടെ ടൈറ്റാനിയം സ്‌പോഞ്ച് ലോഹം രാജ്യത്തിന്റെ പ്രതിരോധ മേഖലയില്‍ വിവിധ പദ്ധതികള്‍ക്ക് ഉപയോഗിക്കാനാകും.