കടലാക്രമണ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കളക്ടറെത്തി; മടങ്ങുന്നതിനിടെ റോഡും കടലെടുത്തു

കുമ്പള: രൂക്ഷമായ കടലാക്രമണം നടന്ന പ്രദേശങ്ങള്‍ ജില്ലാ കളക്ടറും റവന്യൂ ഉദ്യോഗസ്ഥരും സന്ദര്‍ശിച്ച് മടങ്ങവേ സ്ഥലത്തെ റോഡ് കടലെടുത്തു. മുട്ടം ബേരിക്ക മുതല്‍ പെരിങ്കടി വരെയുള്ള കടലോരത്തെ റോഡാണ് കടലെടുത്തത്. കടലാക്രമണത്തെ തുടര്‍ന്ന് റോഡ് മുഴുവന്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. തുടര്‍ച്ചയായ കനത്ത മഴയെ തുടര്‍ന്ന് കടലാക്രമണം നടന്ന പ്രദേശങ്ങള്‍ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍, റവന്യൂ ഉദ്യോഗസഥര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, വാര്‍ഡ് മെമ്പര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ച് സ്ഥിഗതികള്‍ വിലയിരുത്തി കൈകൊള്ളേണ്ട നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാനും തീരുമാനിച്ചിരുന്നു. ഈ തീരുമാനമെടുത്തശേഷം സംഘം മടങ്ങുന്നതിനിടെയാണ് വീണ്ടും കടലാക്രമണം രൂക്ഷമാവുകയും റോഡ് കടലെടുക്കുകയും ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലാക്രമണത്തില്‍ 100 ഓളം കാറ്റാടി മരങ്ങള്‍ കടപുഴകി വീണിരുന്നു. സമീപത്തെ വീടുകളും ഭീഷണിയിലായിരുന്നു. ഇതേ തുടര്‍ന്നുള്ള ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് റോഡ് കടലെടുത്തത്. വെള്ളം കയറിയതോടെ റോഡിന്റെ ഒരു ഭാഗം തകരുകയും ഇതുവഴിയുളള വാഹനഗതാഗതം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ കുമ്പള, ഉപ്പള തുടങ്ങി സ്ഥലങ്ങളിലേക്കും മറ്റും പോകുന്നതിന് ഉപയോഗിച്ചിരുന്നത് ഈ റോഡാണ്. മാത്രമല്ല സ്‌കൂള്‍ കുട്ടികളും കാല്‍നടയാത്രയ്ക്ക് ഈ റോഡാണ് ഉപയോഗിച്ചിരുന്നത്. റോഡ് കടലെടുത്തതോടെ കാല്‍നടയാത്രയും ദുരിതത്തിലായിട്ടുണ്ട്. കടലാക്രമണം ഇനിയും തുടര്‍ന്നാല്‍ സമീപത്തെ വീടുകളെയും ബാധിച്ചേക്കുമെന്ന ആശങ്കയിലാണ് തീരദേശ വാസികള്‍. അതുകൊണ്ടുതന്നെ കടലാക്രമണം തടയുന്നതിന് ആവശ്യമായ നടപടികള്‍ അടിയന്തരമായി അധികൃതര്‍ കൈക്കൊള്ളണമെന്ന് തീരദേശവാസികള്‍ ആവശ്യപ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page