കാഞ്ഞങ്ങാട് : മതസൗഹാർദ്ദം തകർക്കുന്ന വിദ്വേഷ മുദ്രാവാക്യം വിളിച്ച പ്രവർത്തകനെ പുറത്താക്കി യൂത്ത് ലീഗ്. കാഞ്ഞങ്ങാട് നഗരസഭയിലെ അബ്ദുൾ സലാമിനെയാണ് യൂത്ത് ലീഗിൽ നിന്ന് പുറത്താക്കിയത്. മണിപ്പൂർ വിഷയത്തിൽ കാഞ്ഞങ്ങാട് നടത്തിയ മണിപ്പൂർ ഐക്യദാർഢ്യ റാലിയിലായിരുന്നു വിദ്വേഷ മുദ്രാവാക്യം വിളിച്ചത്. ‘അമ്പല നടയിൽ കെട്ടിത്തൂക്കി പച്ചക്ക് കത്തി’ക്കുമെന്ന് ആഹ്വാനം ചെയ്യുമെന്നായിരുന്നു മുദ്രാവാക്യം. ഇത് ഒരു കൂട്ടം പ്രവർത്തകർ ഏറ്റുവിളിക്കുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി മുദ്രാവാക്യം വിളിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് പ്രവർത്തകനെ പുറത്താക്കിയത്. വിദ്വേഷ പ്രചരണം അംഗീകരിക്കാൻ കഴിയില്ലെന്നാണ് പ്രവർത്തകനെ പുറത്താക്കിയതിൽ യൂത്ത് ലീഗിന്‍റെ വിശദീകരണം. മുദ്രാവാക്യം വിളിച്ച നടപടി മാപ്പർഹിക്കാത്ത തെറ്റാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് വാർത്താകുറിപ്പിൽ വ്യക്തമാക്കി.