തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടതിന് സ്വമേധയാ കേസെടുത്ത് പോലീസ്. അതേസമയം കേസെടുത്തത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മൈക്ക് ഉടമകളുടെ സംഘടനയും രംഗത്തെത്തി.
തിങ്കളാഴ്ച കെപിസിസിയുടെ നേതൃത്വത്തില്‍ അയ്യങ്കാളി ഹാളില്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കാനെത്തിയപ്പോള്‍ അല്‍പ്പനേരം ശബ്ദം തടസപ്പെട്ടത്. പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ പ്രതി പ്രവര്‍ത്തിച്ചുവെന്നാണ് എഫ്‌ഐആറിലുള്ളത്. എന്നാല്‍ എഫ്‌ഐആറില്‍ ആരെയും പ്രതിയാക്കിയിട്ടില്ല. മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ മൈക്കില്‍ ഹൗളിംഗ് വരുത്തി സുരക്ഷാ പ്രശ്‌നമുണ്ടാക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു. മൈക്ക്, ആംബ്ലിഫയര്‍, വയര്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് ഇലട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പരിശോധന നടത്തും. കേരളാ പൊലീസ് ആക്ട് പ്രകാരം 118 ഇ എന്ന വകുപ്പിലാണ് കേസെടുത്തിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നതോ, പൊതുസുരക്ഷയെ പരാജയപ്പെടുത്തുന്നതുമായ എതെങ്കിലും പ്രവൃത്തി അറിഞ്ഞുകൊണ്ട് ചെയ്യുന്നു എന്നി വകുപ്പിലാണ് കേസ്. പരിപാടിയില്‍ മൈക്ക് ഹൗളിംങ്ങ് വന്നതിന് ഉപയോഗിച്ച മൈക്ക് സെറ്റ് ഉപകരണങ്ങള്‍ക്കും മൈക്ക് ഉടമയ്ക്കും എതിരെ കേരള പൊലീസ് നടപടിയെടുത്തും ഉപകരണങ്ങള്‍ പിടിച്ചെടുത്തതും പ്രതിഷേധാര്‍ഹമാണെന്ന് മൈക്ക് ഉടമകളുടെ സംഘടന പ്രസ്താവനയില്‍ പറഞ്ഞു. പൊലീസ് നടപടി പിന്‍വലിക്കുമെന്നും സംഘടന ആവശ്യപ്പെട്ടു.
അതേസമയം, മൈക്ക് കേടായതിന് കേസെടുത്ത നടപടിയില്‍ പരിഹാസവും പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. സാങ്കേതിക പ്രശ്‌നത്തിന് പൊലീസ് സ്വമേധയാ കേസെടുത്തത് ശരിയായില്ലെന്നാണ് കോണ്‍ഗ്രസ് പക്ഷം. മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് മുദ്രാവാക്യം വിളിച്ചത് അനാദരവായി കാണേണ്ടതില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിരുന്നു. മൈക്കിനെ അറസ്റ്റ് ചെയ്യണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.