ന്യൂഡൽഹി : മണിപ്പൂർ കലാപ വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിക്കാത്ത സാഹചര്യത്തിൽ പതിനെട്ടാം അടവുമായി പ്രതിപക്ഷം.സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകി. മുതിർന്ന കോൺഗ്രസ്സ് എം.പി ഗൗരവ് ഗോഗൊയ് ആണ് നോട്ടീസ് നൽകിയത്. സഭാ ചട്ടം 198 ബി പ്രകാരം ആണ് നോട്ടീസ് നൽകിയിരിക്കുന്നത്. 50 പേർ പ്രമേയത്തെ അംഗീകരിച്ചാൽ പ്രമേയം ചർച്ചക്കെടുക്കാൻ സ്പീക്കർ സമയവും തിയ്യതിയും നിശ്ചയിക്കും. മണിപ്പൂരിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്‍റിന്‍റെ ഇരു സഭകളിലും പ്രതിഷേധം ശക്തമാക്കിയിരുന്നു. ചർച്ചക്ക് തയ്യാറാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയെങ്കിലും പ്രധാനമന്ത്രി വിശദീകരിക്കണമെന്ന നിലാപാട് സർക്കാർ തള്ളുകയായിരുന്നു.അവിശ്വാസ പ്രമേയ ചർച്ചയിൽ മറുപടി പറയേണ്ടത് പ്രധാനമന്ത്രി ആണ്. ഇതുകൂടെ കണക്കിലെടുത്താണ് പ്രതിപക്ഷത്തിന്‍റെ നീക്കം. കഴിഞ്ഞ ദിവസം ചേർന്ന പുതിയ പ്രതിപക്ഷ കൂട്ടായ്മ ‘ഇന്ത്യ’യുടെ യോഗത്തിലാണ് അവിശ്വാസ പ്രമേയ തീരുമാനം കൈകൊണ്ടത്. ലോക്സഭയിൽ നിലവിൽ എൻ.ഡി.എക്ക് 330 അംഗങ്ങളുണ്ട് .മൃഗീയ ഭൂരിപക്ഷം ഉള്ളത്കൊണ്ട് തന്നെ പ്രമേയം പാസാകില്ലെന്നുറപ്പാണ്.എന്നാൽ പ്രധാനമന്ത്രി ചർച്ചക്ക് മറുപടി പറയുന്ന സാഹചര്യം ഉണ്ടായാൽ കടന്നാക്രമിക്കാമെന്നാണ് പ്രതിപക്ഷ പ്രതീക്ഷ. ലോക്സഭയിൽ പ്രതിപക്ഷ സഖ്യത്തിന് 140 പേരാണുള്ളത്. ഒരു മുന്നണിയിലും ഉൾപ്പെടാത്ത അറുപതിലധികം പേരുണ്ട്.ഒന്നാം എൻഡിഎ സർക്കാരിനെതിരെ 2018 ൽ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ട് വന്നിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇത് ചൂണ്ടികാട്ടിയാണ് ഇപ്പോഴത്തെ പ്രമേയത്തെയും എൻ.ഡി.എ കക്ഷിനേതാക്കൾ വിലയിരുത്തുന്നത്.