പത്താം പിറന്നാള്‍ ദിനത്തില്‍ ശബരിമലയിലെത്തി അയ്യപ്പനെ കണ്ടുവെന്ന് ബാലതാരം ദേവനന്ദ. ഇനി സ്വാമിയെക്കാണാന്‍ 40 വര്‍ഷം കാത്തിരിക്കണമെന്നും ദേവനന്ദ കുറിച്ചു. ശബരമലയില്‍ നിന്നുള്ള വിഡിയോയും ദേവനന്ദ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. പത്തു വയസ്സ് പൂര്‍ത്തിയാകുന്ന ദേവാനന്ദയ്ക്ക് ഇനി വീണ്ടും ശബരിമല സന്ദര്‍ശിക്കാന്‍ നാല്‍പത് വര്‍ഷം കാത്തിരിക്കേണ്ടി വരും. സ്വാമിയെക്കാണാനുള്ള കാത്തിരിപ്പ് എന്തിനേക്കാളും ഏറ്റവും വലുതാണ് എന്നാണ് ദേവനന്ദ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. കഴിഞ്ഞ ദിവസം സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തെ തുടര്‍ന്ന് മാളികപ്പുറം എന്ന ചിത്രവും ദേവനന്ദയുടെ കഥാപാത്രവും സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ ഒരാള്‍ക്കല്ലേ അവാര്‍ഡ് കൊടുക്കാന്‍ പറ്റൂ. അവാര്‍ഡ് നേടിയ ആള്‍ക്ക് എന്റെ എല്ലാ അഭിനന്ദനങ്ങളും, എന്നായിരുന്നു വിഷയത്തില്‍ ദേവനന്ദയുടെ പ്രതികരണം. എറണാകുളം കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുകയാണ് ദേവനന്ദ. പഠനത്തോടൊപ്പം അഭിനയവും തുടരാനാണ് ദേവനന്ദ ആഗ്രഹിക്കുന്നത്.