പടന്ന: മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടി നാട്ടിലെത്തിയ ഉദിനൂരിലെ പി.പി കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍ക്ക് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പടന്നഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഊഷ്മളമായ വരവേല്‍പ്പ്. പ്രസിഡണ്ട് പി.വി മുഹമ്മദ് അസ്ലമിന്റെ നേതൃത്വത്തിലാണ് പഞ്ചായത്ത് മെമ്പര്‍ കൂടിയായ കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍ക്ക് സ്വീകരണം നല്‍കിയത്. അവാര്‍ഡു ജോതാവിനെ പൂമാലയും ബൊക്കയും നല്‍കി സ്വീകരിച്ചു. ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയിലെ അഭിനയത്തിനാണ് മികച്ച സ്വഭാവനടനുള്ള സംസ്ഥാന ചലചിത്ര അവാര്‍ഡ് ലഭിച്ചത്. തനിക്ക് ലഭിച്ച അവാര്‍ഡ് സ്വന്തം നാടിന് സമര്‍പ്പിക്കുന്നതായി കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് പി ബുഷ്‌റ, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷാഹിത, പിവി അനില്‍കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ പവിത്രന്‍, എംവി ഗീത, സാഹിത, ജാസ്മിന്‍ തുടങ്ങിയവരും നാട്ടുകാരും വരവേല്‍പ്പിനെത്തിയിരുന്നു.