കണ്ണൂര്‍: മയ്യിലില്‍ വീട്ടമ്മയെ സ്‌കൂട്ടറില്‍നിന്നും തള്ളിയിട്ടു മൊബൈല്‍ മോഷ്ടിച്ച പ്രതി പിടിയില്‍. കണ്ണൂര്‍ മുണ്ടേരി സ്വദേശി ചാപ്പ കെപി ഹൗസില്‍ അജ്‌നാസിനെ (21)യാണ് മയ്യില്‍ പോലീസ് പിടികൂടിയത്. ഈ മാസം 20 നു കുറ്റിയാട്ടൂര്‍ ഉരുവച്ചാലില്‍ വെച്ചാണ് കേസിന് ആസ്പദമായ സംഭവം.
സ്വകാര്യ സ്ഥാപനത്തിലെ ജോലിയും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വീട്ടമ്മ. കുറ്റിയാട്ടൂര്‍ ഉരുവച്ചാലിലുള്ള വീടിനടുത്ത് എത്തിയപ്പോള്‍ പിറകില്‍ ബൈക്കില്‍ വരികയായിരുന്ന പ്രതി സ്‌കൂട്ടി തള്ളിവിഴ്ത്തി വീട്ടമ്മയുടെ മൊബൈല്‍ മോഷ്ടിച്ച് കൊണ്ടുപോവുകയായിരുന്നു. പിന്നീട് പോലീസില്‍ വിവരമറിയിച്ചു. മയ്യില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ സംഭവസ്ഥലത്തും പരിസരങ്ങളിലും സ്ഥാപിച്ച 16 ഓളം സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അനേഷണത്തിലാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ബൈക്കില്‍ വന്നാണ് മൊബൈല്‍ കവര്‍ന്നെടുത്തതെന്ന് കണ്ടെത്തി. പിന്നീട് പ്രതിയെയും ബൈക്കും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റ സമ്മതം നടത്തി. മയ്യില്‍ ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ ടിപി സുമേഷിന്റെ മേല്‍നോട്ടത്തില്‍ എസ്‌ഐ പ്രശോഭ്, രജീവ്, എഎസ്‌ഐ മനു, സിപിഒമാരായ ശ്രീജിത്ത്, വിനീത്, അരുണ്‍, പ്രദീഷ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.