കാഞ്ഞങ്ങാട്: സെറിബ്രല്‍പാൾസി രോഗബാധിനും ഇരുകാലുകളും തളര്‍ന്ന കോടോം ബേളൂര്‍ എരുമക്കുളം സ്വദേശി അഭിഷേകിന് ഇനി യാത്ര തലവേദനയാകില്ല. ആശ്വാസമായി ജില്ലാപഞ്ചായത്തിന്റെ മുച്ചക്രവാഹനം.
പത്താംതരവും പ്ലസ്ടുവും പൂര്‍ത്തിയാക്കിയ അഭിഷേകിന് ഉന്നത പഠനത്തിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ പരസഹായമില്ലാതെ സഞ്ചരിക്കാന്‍ കഴിയാത്ത അഭിഷേക് പഠനം നിര്‍ത്തേണ്ടുന്ന അവസ്ഥയിലായിരുന്നു. യാത്രാപ്രശ്‌നത്താല്‍ ബുദ്ധിമുട്ടിലായ അഭിഷേകിന്റെ വിഷയം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്തിന്റെ ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം നല്‍കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഭിഷേകിന് മുച്ചക്ര വാഹനം അനുദിക്കുകയായിരുന്നുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ബി.എ ഹിസ്റ്ററിക്ക് ഉദുമ ഗവണ്‍മെന്റ് കോളേജില്‍ അഡ്മിഷന്‍ ലഭിച്ച പരസഹായമില്ലാതെ പോയി വരാന്‍ ആരെയും ആശ്രയിക്കേണ്ടതില്ല. കലാലയത്തില്‍ പോവാന്‍ മുച്ചക്ര വാഹനം ലഭിച്ചതോടെ അഭിഷേക് ഇപ്പോള്‍ ഹാപ്പിയാണ്. ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ ശേഷം സര്‍ക്കാര്‍ജോലി നേടി പ്രായമായ രക്ഷിതാക്കളെ സംരക്ഷിച്ച് സ്വന്തംകാലില്‍ നില്‍ക്കണമെന്നതാണ് അഭിഷേകിന്റെ ആഗ്രഹം. കാസര്‍കോട് കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അഭിഷേകിന് മുച്ചക്രവാഹനം കൈമാറി.