കാസര്‍കോട്: നിര്‍മ്മാണം നടക്കുന്ന ദേശീയ പാതയിലെ മേല്‍പ്പാലത്തില്‍ നിന്നും വീണ് മരണപ്പെട്ട ബംഗാള്‍ സ്വദേശിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് സ്വദേശത്തേക്ക് കൊണ്ടുപോയി. ബംഗാള്‍ ദിനാജ്പൂരിലെ ഛത്രന്ധിലെ പ്രേംലാല്‍ ദേവ്ശര്‍മ്മ( 21)യാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടം. ഉച്ചയ്ക്ക് രണ്ടു മണിവരെ ജോലി ചെയ്ത ശേഷം തൊഴിലാളികള്‍ ഭക്ഷണം കഴിക്കാനായി തൂണില്‍ നിന്നും താഴെ ഇറങ്ങിയിരുന്നു. ഭക്ഷണം കഴിച്ച ശേഷം നല്ല മഴയുണ്ടായിരുന്നതിനാല്‍ താല്‍ക്കാലികമായി ജോലി നിര്‍ത്തിവച്ചിരുന്നു. തൊഴിലാളികള്‍ വൈകിട്ട് 3.30 മണിയോടെയാണ് ജോലി വീണ്ടും തുടങ്ങാനിരുന്നത്. അതിനിടെ ദേവ് ശര്‍മയും മറ്റൊരു തൊഴിലാളിയും തൂണില്‍ കയറി. വീണ്ടും മഴവന്നതോടെ തൂണില്‍ നിന്നും താഴെ ഇറങ്ങുന്നതിനിടെ കാല്‍ തെറ്റി താഴെ വീഴുകയായിരുന്നു. വീഴ്ചയില്‍ തൂണിലുണ്ടായിരുന്ന കോണ്‍ക്രീറ്റ് കട്ട യുവാവിന്റെ ദേഹത്ത് പതിച്ചു. വീഴ്ചയില്‍ നട്ടെല്ലിന് പൊട്ടലും സംഭവിച്ചിരുന്നു. ഉടന്‍ തന്നെ കാസര്‍കോട് കിംസ് ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ മരണം സംഭവിച്ചു. കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ഞായറാഴ്ച രാവിലെ പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തു. ശേഷം ബംഗളൂരുവിലേക്ക് ആംബുലന്‍സില്‍ എത്തിച്ച് അവിടെ നിന്നും വിമാനത്തില്‍ പശ്ചിമ ബംഗാളിലേക്ക് കൊണ്ടുപോയതായി ഊരാളുങ്കല്‍ സൊസൈറ്റി അധികൃതര്‍ പറഞ്ഞു. മരിച്ച തൊഴിലാളിക്ക് ഇന്‍ഷുറന്‍സ് അടക്കമുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.