ഒരിക്കലും മദ്യപിക്കാത്ത ആളെ ഊതിച്ചു, കെഞ്ചിയിട്ടും വിട്ടില്ല, ഒടുവില്‍ മാപ്പ് പറഞ്ഞ് പോലീസ്
കളമശേരി: സാങ്കേതിക തകരാറുള്ള ബ്രെത്തലൈസറുമായി മദ്യപരാന്മാരെ പിടികൂടാനിറങ്ങിയ പിന്നീട് നാണം കെട്ടു. ജീവിതത്തിലൊരിക്കലും മദ്യപിച്ചിട്ടില്ലാത്ത ആളെയാണ് മണിക്കൂറോളം പോലീസ് സ്‌റ്റേഷനില്‍ നിര്‍ത്തിയത്. യന്ത്രതകരാറായിരിക്കാമെന്നും വേണമെങ്കില്‍ യന്ത്രം കാണ്‍പുര്‍ ഐഐടിയില്‍ കൊണ്ടുപോയി പരിശോധിക്കുന്നതിനുള്ള ചെലവു വഹിക്കാമെന്നും പറഞ്ഞിട്ടും പോലീസ് വിട്ടില്ല. തന്നെ ആശുപത്രിയിലെത്തിച്ചു പരിശോധിക്കണമെന്നു കസ്റ്റഡിയിലെടുത്തയാള്‍ അറിയിച്ചിട്ടും പൊലീസ് തങ്ങളുടെ യന്ത്രത്തിലുള്ള വിശ്വാസം വിട്ടില്ല. ബിസിനസ് മീറ്റിങ് കഴിഞ്ഞു സ്വന്തം കാറില്‍ വരികയായിരുന്ന കളമശേരി സ്വദേശിയും കോളജ് അധ്യാപകനും കൂടിയായ ഡോ. ലാലു ജോര്‍ജിനാണു പൊതുമധ്യത്തില്‍ അപമാനിതനായത്. ശനിയാഴ്ച രാത്രി 7.30ന് നോര്‍ത്ത് കളമശേരിയില്‍ ഡോ. ലാലുവിന്റെ വീടിനു സമീപത്താണു സംഭവം. ബ്രെത്തലൈസറുമായി പരിശോധിച്ച പോലീസ് ലാലുവിനെയും കാറും കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്കു കൊണ്ടുപോയി. സ്റ്റേഷനിലെത്തിച്ചപ്പോഴും മദ്യപിച്ചിട്ടില്ലെന്നു ഡോ. ലാലു ആവര്‍ത്തിച്ചു. അരമണിക്കൂറോളം സ്റ്റേഷനില്‍ നിര്‍ത്തി. മേലുദ്യോഗസ്ഥനോടു ലാലു പരാതി പറഞ്ഞു. തുടര്‍ന്നു മറ്റൊരു ബ്രെത്തലൈസര്‍ കൊണ്ടുവന്നു പരിശോധിച്ചു. ഫലം കണ്ടുപ്പോള്‍ പൊലീസ് ഒന്നു ഞെട്ടി. റീഡിങ് പൂജ്യം. തെറ്റുപറ്റിയെന്നു ബോധ്യമായതോടെ പൊലീസുകാര്‍ ക്ഷമ പറയാതെ നിവൃത്തിയില്ലായിരുന്നു. തിരികെ വീട്ടില്‍ കൊണ്ടുചെന്നാക്കി. അസിസ്റ്റന്റ് കമ്മിഷണര്‍ ഉള്‍പ്പെടെ ലാലുവിനെ വിളിച്ചു ക്ഷമ ചോദിച്ചതായാണ് പിന്നീടുള്ള വിവരം.