നടന്‍ മമ്മുട്ടി, നടി വിന്‍സി അലോഷ്യസ്, മഹേഷ് നാരായണന്‍ സംവിധായകന്‍, സംസ്ഥാന ചലച്ചിത അവര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: അന്‍പത്തി മൂന്നാമത് കേരള സംസ്ഥാന ചലച്ചിത പുരസ്‌കാരത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി മമ്മൂട്ടി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന മികവില്‍ പുറത്തിറങ്ങിയ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം. ഇത് എട്ടാം തവണയാണ് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം മമ്മൂട്ടിയെ തേടിയെത്തുന്നത്. നന്‍പകല്‍ നേരത്ത് മയക്കം ചിത്രത്തില്‍ ജെയിംസായും സുന്ദരമായും പകര്‍ന്നാടിയ മമ്മൂട്ടി പുരസ്‌കാരം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. മമ്മൂട്ടിക്ക് അവസാന നിമിഷം വെല്ലുവിളിയായി ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കുഞ്ചാക്കോ ബോബനും ഉണ്ടായിരുന്നു.
എന്നാല്‍ മികച്ച നടനുള്ള പ്രത്യേക പുരസ്‌കരമാമാണ് കുഞ്ചോക്കോ ബോബന് ലഭിച്ചത്. രേഖ എന്ന ചിത്രത്തിലൂടെ വിന്‍സി അലോഷ്യസ് മികച്ച നടിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി. മഹേഷ് നാരായണന്‍ മികച്ച സംവിധായകനായി. മികച്ച ജനപ്രിയ ചിത്രമായി ‘ന്നാ താന്‍ കേസ് കൊട്’ തിരഞ്ഞെടുക്കപ്പെട്ടു.
അലന്‍സിയറും പ്രത്യേക ജൂറി പരാമര്‍ശം നേടി. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്‌കാരമാണ് ആദ്യം പ്രഖ്യാപിച്ചത്. സി.എസ്.വെങ്കിടേശ്വരന്‍ പുരസ്‌കാരത്തിന് അര്‍ഹത നേടി. റഫീഖ് അഹമ്മദ് ആണ് മികച്ച ഗാനരചയിതാവ്. എം.ജയചന്ദ്രനാണ് മികച്ച സംഗീതസംവിധാനത്തിനുള്ള പുരസ്‌കാരം.
മികച്ച പിന്നണി ഗായികയായി മൃദുല വാരിയറും മികച്ച പിന്നണി ഗായകനായി കപില്‍ കപിലനും തിരഞ്ഞെടുക്കപ്പെട്ടു. ഇലവീഴാ പൂഞ്ചിറ ചിത്രം സംവിധാനം ചെയ്ത ഷാഹി കബീര്‍ ആണ് മികച്ച നവാഗത സംവിധായകന്‍. സ്വഭാവനടനായി കാസര്‍കോട് സ്വദേശി പി.വി കുഞ്ഞികൃഷ്ണനേയും ( ന്നാ താന്‍ കേസ് കൊട് ), സ്വഭാവനടിയായി ദേവീ വര്‍മ്മ ( സൗദി വെള്ളയ്ക്ക)യേയും തെരഞ്ഞെടുത്തു. മികച്ച സംവിധായകനുള്ള പ്രത്യേക ജൂറി പുരസ്‌കാരം വിശ്വജിത്ത് എസ് (ഇടവരമ്പ്), രാരിഷ് (വേട്ടപ്പട്ടികളും ഓട്ടക്കാരും) എന്നീ രണ്ട്‌പേര്‍ക്ക് ലഭിച്ചു.സ്ത്രീ, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ മികച്ച സിനിമയായി ശ്രുതി ശരണ്യയുടെ ബി 32 – 44 തെരഞ്ഞെടുത്തു. ബംഗാളി സംവിധായകനും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡുകള്‍ നിശ്ചയിച്ചത്.
വാര്‍ത്താസമ്മേളനത്തില്‍ ചലചിത്ര അക്കാഡമി ചെയര്‍മാന്‍ രഞ്ജിത് പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page