മൊഗ്രാല്‍: മൊഗ്രാലില്‍ വീണ്ടും തെരുവ് നായ്ക്കളുടെ പരാക്രമം. കൂട് തകര്‍ത്ത് മൂന്നു ആടുകളെ കൊന്നൊടുക്കി. മൊഗ്രാല്‍ ടിവിഎസ് റോഡ് സ്വദേശി ആയിഷയുടെ വീട്ടിലെ ആടുകളെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. വീട്ടുകാര്‍ ശബ്ദം കേട്ട് ഉണര്‍ന്നതോടെ 12 ഓളം വരുന്ന നായ്ക്കള്‍ പിന്തിരിഞ്ഞോടി. ഇതോടെ കൂട്ടില്‍ ഉണ്ടായിരുന്ന മറ്റു മൂന്ന് ആളുകളെ രക്ഷപ്പെടുത്താന്‍ സാധിച്ചു. പ്രദേശം തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമാണ്. കഴിഞ്ഞവര്‍ഷവും ഇവിടെ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായിരുന്നു. ഒരാഴ്ച മുമ്പ് മൊഗ്രാലിലെയും പരിസരപ്രദേശങ്ങളിലെയും ആടുകളെയും കോഴികളെയും കടിച്ചു കൊന്നിരുന്നു. അതുകൊണ്ടും അരിശം തീരാത്ത നായ്ക്കള്‍
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്ക് നേരെയും പരാക്രമം ഉണ്ടാക്കി. സീറ്റുകള്‍ കടിച്ചു കീറി നശിപ്പിച്ചു. നായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ സ്‌കൂളിലേക്കും മദ്രസകളിലേക്കും പോകുന്ന കുട്ടികള്‍ ഭയാശങ്കയിലാണ് ഇപ്പോള്‍. പഞ്ചായത്ത് അധികൃതര്‍ ഒന്നും ഇക്കാര്യത്തില്‍ പരിഹാരം കാണുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.