ലോക ടൂറിസം ഭൂപടത്തില്‍ ബേക്കല്‍കോട്ട; ഇനി ഫിലിംടൂറിസം

0
125


കാസര്‍കോട്‌: കാത്തിരിപ്പിന്റെ കാല്‍ നൂറ്റാണ്ടിനൊടുവില്‍ ലോക ടൂറിസം ഭൂപടത്തിലേക്ക്‌ എന്ന ബേക്കല്‍ കോട്ടയുടെ തലയെടുപ്പ്‌ യാഥാര്‍ത്ഥ്യമാകുന്നു.
സംസ്ഥാന ടൂറിസം വകുപ്പും വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച്‌ നടപ്പിലാക്കാന്‍ തീരുമാനിച്ചതോടെയാണ്‌ കേന്ദ്രം പ്രഥമ പരിഗണന നല്‍കുന്ന ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിലൊന്നായ ബേക്കല്‍ കോട്ടയുടെ തീരവും സഞ്ചാരികളുടെ പറുദീസയായി മാറാന്‍ ഒരുങ്ങുന്നത്‌. സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിലൊന്നായ ബേക്കലിനെ വേണ്ട രീതിയില്‍ ഉന്നതിയിലെത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമം നടത്താത്തതിനെതിരെ പരക്കേ ആക്ഷേപമുയര്‍ന്നിരുന്നു.
ബി ആര്‍ ഡി സി, ഡി ടി പി സി മറ്റു വകുപ്പുകള്‍ എന്നിവയെ യോജിപ്പിച്ച്‌ പദ്ധതികള്‍ നടപ്പിലാക്കാനാണ്‌ ഇപ്പോള്‍ ടൂറിസം വകുപ്പ്‌ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്‌, വിദേശ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ബേക്കല്‍ ബീച്ച്‌ ഫെസ്റ്റിവെല്‍ നടത്താന്‍ അനുമതി നല്‍കുമെന്ന്‌ ടൂറിസം വകുപ്പ്‌ മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ വ്യക്തമാക്കി.
രാജ്യാന്തര തലത്തില്‍ ബേക്കല്‍ കോട്ടയെ ശ്രദ്ധാ കേന്ദ്രമാക്കിയ ബോളിവുഡ്‌ സിനിമയിലെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബോംബെ എന്ന സിനിമയുടെ സംവിധായകന്‍ മണി രത്‌നത്തെയും സംഗീത സംവിധാനം നിര്‍വ്വഹിച്ച എ ആര്‍ റഹ്മാനേയും നായകനായി അഭിനയിച്ച അരവിന്ദ്‌ സാമിയേയും ബേക്കല്‍ കോട്ടയില്‍ എത്തിച്ച്‌ സാംസ്‌ക്കാരിക പരിപാടി നടത്താനും ടൂറിസം വകുപ്പ്‌ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്‌. സിനിമയിലെ ഏറെ ശ്രദ്ധ നേടിയ `ഉയിരേ…’ എന്ന ഗാനം മുഴുവനായും ചിത്രീകരിച്ചതു ബേക്കല്‍ കോട്ടയില്‍ വച്ചായിരുന്നു.
ജില്ലയില്‍ അടുത്ത കാലത്തായി സിനിമ ചിത്രീകരണം വ്യാപകമായ സാഹചര്യത്തില്‍ ഫിലിം ടൂറിസം എന്ന ലക്ഷ്യവുമായി ബേക്കലില്‍ പദ്ധതികള്‍ നടപ്പിലാക്കിയാല്‍ സിനിമാലോകത്ത്‌ നിന്ന്‌ വന്‍ പിന്തുണ ലഭിക്കുമെന്ന്‌ സിനിമാ വൃത്തങ്ങളും ചൂണ്ടിക്കാട്ടുന്നു.

NO COMMENTS

LEAVE A REPLY