നവജാത ശിശുവിന്റെ ചികിത്സ; കാസര്‍കോട്‌ പൊലീസ്‌ മാതൃകയായി

0
194

കാസര്‍കോട്‌: നവജാത ശിശുവിന്റെ ആശുപത്രി ചികിത്സാ ചെലവിനുള്ള പണം കണ്ടെത്തി നല്‍കി കാസര്‍കോട്‌ പൊലീസ്‌ മാതൃകയായി. ഉളിയത്തടുക്കയിലെ ഓട്ടോ ഡ്രൈവറുടെ ഭാര്യ ഒരാഴ്‌ച മുമ്പാണ്‌ ജനറല്‍ ആശുപത്രിയില്‍ പ്രസവിച്ചത്‌. മാസം തികയും മുമ്പായിരുന്നു പ്രസവം. ശ്വാസതടസ്സവും മറ്റു ബുദ്ധിമുട്ടുകളും കാരണം കുഞ്ഞിനെ നഗരത്തിലെ ആശുപത്രിയിലേയ്‌ക്ക്‌ മാറ്റി.
ഡിസ്‌ചാര്‍ജ്‌ ചെയ്യണമെങ്കില്‍ 40,000 രൂപ ബില്ലടക്കണം. ഇതിനു വഴി കാണാതെ കുടുംബം ബുദ്ധിമുട്ടി. ഏക സമ്പാദ്യമായ ഓട്ടോ വിറ്റ്‌ 14,000 രൂപ സംഘടിപ്പിച്ചു. ബാക്കി പണം കണ്ടെത്താന്‍ കഴിയാതെ വന്നപ്പോഴാണ്‌ ഭാര്യ ടൗണ്‍ പൊലീസ്‌ സ്റ്റേഷനിലേയ്‌ക്ക്‌ ഫോണ്‍ ചെയ്‌തത്‌. ഒന്നും മറച്ചുവയ്‌ക്കാതെ തന്റെ ആവശ്യം ഉന്നയിച്ചു. ചികിത്സാ ചെലവിനുള്ള പണം വേണം.
അതു പൊലീസിന്റെ ചുമതലയല്ലെന്ന്‌ പറഞ്ഞ്‌ പൊലീസ്‌ കൈവിട്ടില്ല. ജി.ഡി ചാര്‍ജ്ജിലുണ്ടായിരുന്ന കെ.രാജേന്ദ്രന്‍, ജനമൈത്രി പൊലീസ്‌ ബീറ്റ്‌ ഓഫീസര്‍ മധു കാരക്കാട്‌ എന്നിവരുടെ നേതൃത്വത്തില്‍ രംഗത്തിറങ്ങി.
ചന്ദ്രഗിരി ലയണ്‍സ്‌ ക്ലബ്ബിന്റെ കാസര്‍കോട്‌ യൂണിറ്റി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഭാരവാഹി ഏരിയാല്‍ മഹമൂദ്‌ ഇബ്രാഹിമിനെ സമീപിച്ചു. ട്രസ്റ്റ്‌ 19000 രൂപ നല്‍കി. 5000 ത്തോളം രൂപ ആശുപത്രി അധികൃതരും ഇളവു ചെയ്‌തു. ഇതോടെയാണ്‌ അമ്മയ്‌ക്കും കുഞ്ഞിനും ആശുപത്രി വിടാനായത്‌.

NO COMMENTS

LEAVE A REPLY