കല്‍പറ്റ: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ അഞ്ചാം ദിനവും തുടരുന്നു. വനാതിര്‍ത്തികള്‍ പങ്കിടുന്ന മേഖലകളില്‍ തിരച്ചിലിനായി വനം വകുപ്പ് കൂടുതല്‍ പേരെ വിന്യസിച്ചു. തമിഴ്‌നാട് അഗ്‌നി, രക്ഷാ വിഭാഗത്തിന്റെ അഞ്ച് ഡോഗ് സ്‌ക്വാഡുകളെയും തിരച്ചിലിന് നിയോഗിച്ചു. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, വില്ലേജ് ഏരിയ, പുഴയുടെ താഴെ ഭാഗം എന്നിവിടങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദീകരിക്കുന്നത്. ഹ്യുമന്‍ റസ്‌ക്യു റഡാര്‍ ഉപയോഗിച്ച് കൂടുതല്‍ ഇടങ്ങളില്‍ പരിശോധന നടത്തുന്നു. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 364 ആയി. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ചൂരല്‍മല ദുരന്ത പശ്ചാതലത്തില്‍ 2005 ലെ ദുരന്ത നിവാരണ നിയമം സെക്ഷന്‍ 22, 72 പ്രകാരം പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു സര്‍ക്കാര്‍ ഉത്തരവായി. നൂറോളം മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അടിയന്തിരമായി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന്ന് മുമ്പായി ഇന്‍ക്വസ്റ്റ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഉണ്ടാവും. പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കും. മൃതദേഹത്തിന്റെയും ശരീരത്തിലെ ആഭരണമുള്‍പ്പെടെയുള്ള വസ്തുക്കളുടെയും ഫോട്ടോ എടുത്ത് സൂക്ഷിക്കും. ഡി.എന്‍.എ സാമ്പിള്‍, പല്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ എടുത്ത് വെക്കും. പൊലീസ് ഇത്തരം മുതദേഹങ്ങള്‍ സംബഡിച്ച് മേപ്പാടി പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കണം. അടക്കം ചെയ്യുന്ന രീതിയില്‍ മാത്രമേ മൃതദേഹങ്ങള്‍ സംസ്‌കരിക്കാവൂ. അടക്കം ചെയ്യുന്ന സ്ഥലം മേപ്പാടി പഞ്ചായത്ത് അധികൃതരെ ജില്ലാ ഭരണകൂടം അറിയിക്കണം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ 72 മണിക്കൂറിനകം സംസ്‌കരിക്കണം. സംസ്‌കരിക്കുന്ന സമയത്ത് പ്രദേശത്തെ പഞ്ചായത്ത്/നഗരസഭാ ഉദ്യോഗസ്ഥര്‍ സന്നിഹിതരായിരിക്കണം. തിരിച്ചറിഞ്ഞ അവകാശികളില്ലാത്ത മൃതദേഹങ്ങള്‍, അവകാശത്തര്‍ക്കങ്ങളുള്ള മൃതദേഹങ്ങള്‍, ശരീര ഭാഗങ്ങള്‍ എന്നിവ സംസ്‌കരിക്കുന്നതിനും ഇതേ മാര്‍ഗ നിര്‍ദേശങ്ങള്‍ ബാധകമാണെന്ന് അധികൃതര്‍ പറഞ്ഞു. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലെ പൊതുശ്മശാനങ്ങളിലുമാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിനിടെ രക്ഷാപ്രവര്‍ത്തനത്തിനായി പോയി വനത്തില്‍ കുടുങ്ങിയ 3 യുവാക്കളെയും ദൌത്യസംഘം രക്ഷിച്ചു. പോത്തുകല്ല് മുണ്ടേരി സ്വദേശികളായ സാലി, റിയാസ്, മുഹ്‌സിന്‍ എന്നിവരാണ് സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം പാറയില്‍ കുടുങ്ങിയത്. ഇവരില്‍ രണ്ട് പേരെ എയര്‍ലിഫ്റ്റ് ചെയ്താണ് രക്ഷപ്പെടുത്തിയത്. ഒരാള്‍ മറുകരയിലേക്ക് നീന്തിയെത്തി. ചാലിയാര്‍ പുഴ കടന്ന് ഇന്നലെയാണ് ഇവര്‍ വയനാട്ടിലേക്ക് പോയത്. അതിസാഹസികമായിട്ടാണ് ദൌത്യസംഘം ഇവരെ രക്ഷിച്ചത്. വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം എംപി മാര്‍ ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യാന്‍ തീരുമാനമായി. മാസ ശമ്പളമായ ഓരോ ലക്ഷം രൂപ വീതം 8 ലക്ഷം രൂപയാണ് സിപിഎം അംഗങ്ങള്‍ സംഭാവന ചെയ്യുന്നത്.
വയനാട്ടിലെ രണ്ട് റേഷന്‍ ഷോപ്പ് വഴി മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ആഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതം പൂര്‍ണ്ണമായും സൗജന്യമായി നല്‍കുന്നതാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് നിലവില്‍ സൗജന്യമായും മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ന്യായവിലയ്ക്കുമാണ് റേഷന്‍ നല്‍കി വരുന്നത്. ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചുരല്‍മല എന്നിവിടങ്ങളിലെ മുന്‍ഗണനേതര വിഭാഗക്കാരായ നീല, വെള്ള കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും കൂടി പൂര്‍ണമായും സൗജന്യമായി റേഷന്‍ വിഹിതം നല്‍കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.