വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 107 ആയി. 48 പേരെ തിരിച്ചറിഞ്ഞു. 98 പേരെ കാണാതായതായാണ് വിവരം. മുന്നൂറിലധികം പേരെക്കുറിച്ച് വിവരമില്ല. 122 പേര്‍ വിവിധ ആശുപത്രികളിലായി ചികില്‍സയിലാണ്. ദുരന്തം നടന്ന് 13 മണിക്കൂറിന് ശേഷമാണ് അപകടം നടന്ന മുണ്ടക്കൈയില്‍ എത്താനായത്. ചൂരല്‍മലയില്‍നിന്ന് മൂന്നര കിലോമീറ്റര്‍ അകലെയാണ് മുണ്ടക്കൈ. കര-നാവിക സേനകള്‍ ദുരന്ത ഭൂമിയില്‍ സംയുക്തമായാണ് ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്. 5 സൈനികര്‍ കയര്‍ കെട്ടി ആളുകളെ പുറത്തെത്തിക്കാനുള്ള പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണ്. സൈന്യവും ഫയര്‍ഫോഴ്‌സും നാട്ടുകാരും ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് രക്ഷാദൗത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. രക്ഷാപ്രവര്‍ത്തനത്തിന് ഏഴിമലയില്‍ നിന്ന് നാവികസേനയെത്തിയിട്ടുണ്ട്.
നിരവധി വീടുകള്‍ മണ്ണിനടിയിലാണ്. വീടുകള്‍ മണ്ണിനടിയില്‍ പോയതെല്ലാം കണ്ടെത്തി രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. ഇതിനുവേണ്ടി ആര്‍മിയുടെ ഡോഗ് സ്‌ക്വാഡിനെയും എത്തിക്കും. രക്ഷാപ്രവര്‍ത്തനത്തിനായി അഡ്വഞ്ചര്‍ പാര്‍ക്കുകളിലെ റോപ്പുകളും എത്തിക്കും. ചൂരല്‍മലയും പത്താം വാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ഒലിച്ച് പോയതിനാല്‍ അങ്ങോട്ട് കടക്കുക പ്രയാസമാണ്. ചൂരല്‍മലയിലെ പത്താം വാര്‍ഡായ അട്ടല്‍മലയിലെ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണെന്ന് സൈന്യം അറിയിച്ചു. മേപ്പാടി ഹെല്‍ത്ത് സെന്ററിലെത്തിച്ച 40 മൃതദേഹങ്ങളില്‍ 21 പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്.