കുംബഡാജെ: ഒന്നരക്കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കുംബഡാജെ ഗ്രാമ പഞ്ചായത്ത് പി എച്ച് സി കെട്ടിടത്തിന്റെ ഉദ്ഘാടനം നീളുന്നു. ഫാമിലി വെല്‍ഫെയര്‍ സെന്റര്‍ എന്ന പേരില്‍ എന്റോസള്ഫാന് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായെങ്കിലും അതു ഇതുവരെ ഗ്രാമപഞ്ചായത്തിനു കൈമാറിയിട്ടില്ലെന്നു അധികൃതര്‍ പറയുന്നു. പക്ഷെ കഴിഞ്ഞ ജനുവരിയില്‍ തന്നെ കൈമാറിയിരുന്നു എന്നു പദ്ധതിയുടെ മേല്‍നോട്ടം വഹിച്ച ജില്ലാ പഞ്ചായത്ത് പറയുന്നു.
എന്റോസള്ഫാന് മേഖലയിലെ ചികിത്സാരംഗത്തെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി 2014 ലാണ് 1.45 കോടി രൂപ കുംബഡാജെ ഗ്രാമ പഞ്ചായത്തിന് അനുവദിച്ചത്. 2016ല്‍ കെട്ടിടനിര്‍മ്മാണം പൂര്‍ത്തീകരിക്കാനും നിര്‍ദ്ദേശിച്ചിരുന്നു. അതുപ്രകാരം ജില്ലാ പഞ്ചായത്ത്, കേരള ഹൗസിംഗ് ബോര്‍ഡിനെ പണി ഏല്‍പ്പിച്ചു.
പണവുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ കെട്ടിടം പണി വൈകി. 2018 ഡിസംബര്‍ മാസത്തില്‍ പണി പൂര്‍ത്തിയായി. ജനുവരി മാസത്തില്‍ ജില്ലാ പഞ്ചായത്ത്, കെട്ടിടം കുംബഡാജെ ഗ്രാമപഞ്ചായത്തിന് കൈമാറുകയും ചെയ്തുവെന്നു പറയുന്നു. ഇതു സംബന്ധിച്ച രേഖകള്‍ കുംബഡാജെ ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫീസിലാണ് നല്കിയതത്രെ.
പി എച്ച് സി കെട്ടിടം ഉദാഘാടനം വൈകുന്നത് ആരോഗ്യ വകുപ്പ് അധികൃതരിലും നാട്ടുകാരിലും പ്രതിഷേധം ഉളവാക്കിയിട്ടുണ്ട്. രണ്ട് മാസം മുമ്പ് നടന്ന ആശുപത്രി വികസന സമിതി യോഗത്തിലും ഒരു മാസം മുമ്പ് നടന്ന ഗ്രാമപഞ്ചായത്ത് ബോര്‍ഡ് യോഗത്തിലും ഇക്കാര്യം ഉന്നയിക്കപ്പെട്ടു. കെട്ടിടം വിട്ടു കിട്ടിയിട്ടില്ല എന്നാണ് അന്നു പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും യോഗത്തെ അറിയിച്ചതെന്നു പ്രതിപക്ഷ നേതാവ് രവീന്ദ്രറൈ ആരോപിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കെട്ടിടം ജനുവരിയില്‍ തന്നെ വിട്ടു നല്‍കിയതായി അറിഞ്ഞതെന്നു അദ്ദേഹം പറഞ്ഞു.
കുംബഡാജെ ഗ്രാമപഞ്ചായത്തിലെ ആരോഗ്യ പരിപാലന പ്രവര്‍ത്തനങ്ങള്‍ ഒരേ കേന്ദ്രത്തില്‍ കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ഈ കെട്ടിടം നിര്‍മ്മിച്ചത്. മഴയ്ക്ക് മുമ്പ് കെട്ടിടം ഉദ്ഘാടനം ചെയ്തിരുന്നുവെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വലിയ ആശ്വാസമാകുമായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു.