കാസര്‍കോട്: രാത്രി കാലങ്ങളില്‍ സ്ത്രീകള്‍ക്ക് മെസേജ് അയക്കുന്നതിനെ ചോദ്യം ചെയ്ത വിരോധത്തിലാണെന്നു പറയുന്നു യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം. നീലേശ്വരം, മടിക്കൈ, പുതുക്കൈ, ആലിങ്കീഴിലെ മുഹമ്മദ് മുസമ്മലി(24)നാണ് കുത്തേറ്റത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അബ്ദുല്‍ ഹാരിസ് (27) എന്നയാള്‍ക്കെതിരെ നീലേശ്വരം പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു.
ബുധനാഴ്ച വൈകുന്നേരം മടിക്കൈ, ദിവ്യംപാറയിലാണ് സംഭവം. സ്ത്രീകള്‍ക്ക് രാത്രി കാലങ്ങളില്‍ മെസേജ് അയക്കുന്നത് മുഹമ്മദ് മുസമ്മല്‍ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാണ് ബുധനാഴ്ച വൈകിട്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു. പ്രതിയെ കണ്ടെത്താന്‍ പൊലീസ് തെരച്ചില്‍ തുടങ്ങി.
