കാസർകോട്: ഉദുമയിലെ കോൺഗ്രസ് നേതാവ് ഹൃദയാഘാതം മൂലം മരിച്ചു. ഉദുമ മണ്ഡലം കോൺഗ്രസ് മുൻ സെക്രട്ടറിയും, ഉദുമ മണ്ഡലം യൂത്ത് കോൺഗ്രസ് മുൻ സെക്രട്ടറിയുമായ മേൽ ബാര കിഴക്കേക്കരയിലെ സി.അരവിന്ദാക്ഷൻ (44) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം ഉദുമയിലെ ആശുപത്രിയിൽ എത്തിച്ചിരുന്നു. നില ഗുരുതരമായതിനെ തുടർന്ന് കാസർകോട്ടെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് അന്ത്യം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കളും മന്ത്രിമാരും കാസർകോട്ടെത്തിയാൽ വിവിധ പരിപാടികളിലേക്ക് വാഹനങ്ങളിൽ കൊണ്ടുപോയിരുന്നത് ഇദ്ദേഹമായിരുന്നു. മേൽബാര ബെസ്റ്റോ ക്ലബ് ടീം മാനേജർ, മേൽബാര പ്രിയദർശിനി സാംസ്കാരിക നിലയം നിർവാഹക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മുൻ ഫുട്ബോൾ താരം കൂടിയാണ്. സംസ്കാരം ബുധനാഴ്ച രാവിലെ10-ന് വീട്ടുവളപ്പിൽ. പരേതരായ കറുവന്റെയും മാണിക്കത്തിന്റെയും മകനാണ്. ഭാര്യ: സുനിത(ബാര ഗവ.ഹൈസ്കൂൾ ജീവനക്കാരി). മക്കൾ: ആൻമി അരവിന്ദ് (ഒൻപതാം ക്ലാസ്, ബാര ഗവ.ഹൈസ്കൂൾ), സാൻവി അരവിന്ദ് (ആറാം ക്ലാസ്, ബാര ഗവ.ഹൈസ്കൂൾ). സഹോദരങ്ങൾ: സി.വിനോദ് (ഗൾഫ്), സുലോചന, സുഗന്ധി, സുനിത.
