കാസര്‍കോട്: കാസര്‍കോട് നഗരസഭയുടെ ഭരണപരിധിയിലുള്ള ജനറല്‍ ആശുപത്രിയില്‍ ഒഴിഞ്ഞു കിടക്കുന്ന 16 സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ തസ്തികകളില്‍ ഉടന്‍ നിയമനത്തിനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നു ബിജെപി പ്രതിനിധി സംഘം മുനിസിപ്പല്‍ ചെയര്മാന് അബ്ബാസ് ബീഗത്തോട് ആവശ്യപ്പെട്ടു. ആശുപത്രിയില്‍ ആവശ്യത്തിനു ഫോറന്‍സിക് ശസ്ത്രക്രിയ വിദഗ്ധരില്ല. വൈദ്യുതി തടസ്സം പതിവായി അനുഭവപ്പെടുന്ന ആശുപത്രിയില്‍ മുഴുവന്‍ സമയവും വൈദ്യുതി ഉറപ്പാക്കുന്നതിനു സമാന്തര സംവിധാനവുമില്ലെന്നു പ്രതിനിധികള്‍ മുന്‍സിപ്പല്‍ ചെയര്‍മാനെ അറിയിച്ചു. അതേ സമയം സന്ദര്‍ശകരില്‍ നിന്നു 10 രൂപ ഫീസീടാക്കുകയും ചെയ്യുന്നു-അവര്‍ ചൂണ്ടിക്കാട്ടി. മണ്ഡലം പ്രസിഡന്റ് ഗുരുപ്രസാദ് പ്രഭു, മറ്റു ഭാരവാഹികളായ അരുണ്‍ കുമാര്‍ ഷെട്ടി, ഹരീഷ് കെ. ആര്, പുരുഷോത്തമന്, എന്‍ മണി, ചന്ദ്രശേഖര്‍, ഭാസ്കര്‍, ഗണേശ് നായക്, ഉമ എം എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
