കാസര്‍കോട്: അടുത്ത കേരളപ്പിറവി ദിനത്തില്‍ ഒരു ദരിദ്ര കുടുംബം പോലുമില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
അഞ്ചുകോടി മൂന്നു ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ പുതിയ ഓഫീസ് അനക്സ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ആധ്യക്ഷം വഹിച്ചു. 14,795 ചതുരശ്ര അടി വിസ്തീര്‍ണ്ണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കെട്ടിടത്തിനുണ്ട്.
സംസ്ഥാനത്തെയും സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളെയും സ്വയം പര്യാപ്തമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അതിനായി സമഗ്ര വ്യവസായവല്ക്കരണമുള്പ്പെടെ വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കി കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവംബര്‍ ഒന്നോടെ നമ്മുടെ സംസ്ഥാനത്ത് അതിദരിദ്രരുള്ള ഒരു കുടുംബം പോലുമില്ലാത്ത സംസ്ഥാനമാക്കാനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള പരിപാടികള്‍ സര്‍ക്കാര്‍ ഊര്ജ്ജിതമാക്കിയിരിക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍, 250 പേര്‍ക്ക് ഇരിക്കാവുന്ന മള്‍ട്ടി പര്‍പ്പസ് കോണ്‍ഫറന്‍സ് ഹാള്‍, പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര്ക്കുള്ള ഓഫീസുകള്‍, ലിഫ്ട്, അഗ്നിശമന സംവിധാനങ്ങള്‍, സന്ദര്‍ശകര്‍ക്ക് ടോയ്ലറ്റ് എന്നിവ ഉണ്ടാവും. 90.55 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം ഫര്‍ണിഷിംഗ് ചെയ്തിട്ടുള്ളത്.
