എണ്ണപ്പാറയില്‍ ഭൂതാരാധനയുടെ ചരിത്ര ശേഷിപ്പുകള്‍

കാഞ്ഞങ്ങാട്: ബേളൂര്‍ പറക്കളായി വലിയടുക്കത്ത് രതി രാധാകൃഷ്ണന്റെ പറമ്പില്‍ വീട് നിര്‍മ്മിക്കുന്നതിന് മണ്ണുമാറ്റുമ്പോള്‍ നൂറ്റാണ്ടുകളുടെ പഴക്കമുള്ള നേര്‍ച്ച രൂപങ്ങളും ഭൂതാരാധനയുടെ തെളിവുകളും കണ്ടെത്തി. സങ്കര ലോഹങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച നിരവധി രൂപങ്ങളാണ് കണ്ടെത്തിയത്. വിവിധ വസ്തുക്കള്‍ കണ്ടെത്തിയ കാര്യം നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ എം.എ. ചരിത്ര വിദ്യാര്‍ത്ഥിയായിരുന്ന ജനമൈത്രി ബീറ്റ് ഓഫീസര്‍ ടി.വി. പ്രമോദ് അറിയിച്ചതനുസരിച്ച് സ്ഥലം സന്ദര്‍ശിച്ച ചരിത്ര ഗവേഷകനും നെഹ്‌റു കോളേജിലെ അധ്യാപകനുമായ ഡോ.നന്ദകുമാര്‍ പ്രസ്തുത രൂപങ്ങള്‍ പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളില്‍ ഉത്തരകേരളത്തില്‍ വ്യാപകമായി നിലനിന്നിരുന്ന അനുഷ്ഠാനമായ നേര്‍ച്ച സമര്‍പ്പണത്തിന് വേണ്ടിയുണ്ടാക്കിയ രൂപങ്ങളും ഭൂതാരാധനയുടെ ശേഷിപ്പുകളുമാണെന്ന് കണ്ടെത്തി. ഇക്കേരി നായ്കരുടെ കാലഘട്ടവുമായി ബന്ധപ്പെട്ടവയായിരിക്കാം നമസ്‌കാര മുദ്ര കാണിക്കുന്ന രൂപങ്ങളെന്ന് പുരാവസ്തു ഗവേഷകന്‍ അജിത്കുമാര്‍ അഭിപ്രായപ്പെട്ടു. പന്നി, മാന്‍, കോഴി, ഞണ്ട്, ആട്, പാമ്പ് തുടങ്ങിയ ജീവികളുടെ രൂപങ്ങളും തെയ്യാരാധനയുമായി ബന്ധപ്പെട്ട അണിയലങ്ങളുടെയും തിരുമുടിയുടെയും രൂപങ്ങള്‍, ഒരു മീറ്റര്‍ ഉയരം വരുന്ന നിലവിളക്ക്, വാള്‍, കൊടിയിലയുടെ മൂന്ന് രൂപങ്ങള്‍, അടക്ക, തൃശൂലം, മെതിയടി എന്നിങ്ങനെ നിരവധി രൂപങ്ങളുമാണ് മണ്ണിനിടയില്‍ നിന്ന് കണ്ടെത്തിയത്. വാര്‍ഡ് മെമ്പര്‍ കെ. ശൈലജ, ബീറ്റ് ഓഫീസര്‍ ടി.വി.പ്രമോദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മുഹമ്മദ് ഹാരിസ് എന്നിവരും സ്ഥലം സന്ദര്‍ശിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page