തിരുവനന്തപുരം: നെയ്യാറ്റികരയിലെ സമാധി കേസിൽ ഗോപനെ അടക്കം ചെയ്ത സ്ലാബ് ഇന്ന് പൊളിക്കും. അതിരാവിലെ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ലാബ് പൊളിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു. ഉച്ചയ്ക്ക് മുമ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് ധാരണ. രാവിലെ 9 മണിയോടെ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ പൊളിക്കാനാണ് ആലോചന. പ്രതിഷേധങ്ങളുണ്ടായാല്‍ നേരിടാന്‍ കൂടുതല്‍ പൊലീസിനെ സ്ഥലത്ത് വിന്യസിക്കും. ഇതിനായി ക്യാംപില്‍ നിന്നടക്കം പൊലീസിനോട് രാവിലെ തന്നെ സ്ഥലത്തെത്താന്‍ നിര്‍ദേശിച്ചു. ബാരിക്കേഡ് വെച്ച് ആളുകളെ തടയാൻ തീരുമാനിച്ചിട്ടുണ്ട്. പൊതു ജനങ്ങളെ ഒരു കിലോമീറ്റർ അകലെ തടയും. ആവശ്യമെങ്കിൽ ഭാര്യയേയും മക്കളെയും കരുതൽ തടങ്കലിൽ വെക്കാനും ഉന്നത ഉദ്യോഗസ്ഥകർക്കിടയിൽ നടന്ന ചർച്ചയിൽ ധാരണയായി. കല്ലറ തുറക്കുമ്പോള്‍ മൃതദേഹം കണ്ടെത്തിയാല്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി പോസ്റ്റുമോര്‍ട്ടംനടത്തും. സ്ലാബ് പൊളിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്ലാബ് വേഗത്തിൽ പൊളിക്കാൻ തീരുമാനമായത്. അതേസമയം ഭാര്യയുടെയും മക്കളുടെയും എതിർപ്പ് നിലനിൽക്കുന്നുണ്ട്. കോടതിയുടെ അന്തിമ തീരുമാനം അനുസരിക്കുമെന്ന് കുടുംബം ഇന്നലെ വ്യക്തമാക്കിയിരുന്നു. സബ് കളക്ടർ ഒ വി ആൽഫ്രഡിനാണ് പൊളിക്കലിൻ്റെ ചുമതല. അതേസമയം ഗോപൻ മരിച്ച ദിവസം രണ്ടുപേർ വീട്ടിൽ വന്നിരുന്നുവെന്ന മക്കളുടെ മൊഴി കണക്കിലെടുത്തും പൊലീസ് അന്വേഷണം നടത്തും. വീട്ടിലേക്ക് വന്നുവെന്ന് മക്കൾ പറഞ്ഞ രണ്ടുപേരെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. നെയ്യാറ്റിൻകര പ്ലാവില സ്വദേശികളാണ് വീട്ടിലെത്തിയതെന്നായിരുന്നു മൊഴി. കുടുംബാംഗങ്ങൾ അല്ലാതെ മറ്റാരും വീട്ടിൽ ഇല്ലായിരുന്നുവെന്നാണ് ഇതുവരെ മക്കൾ പറഞ്ഞിരുന്നത്. എന്നാൽ രണ്ടുപേർ രാവിലെ വന്ന് ഗോപൻ മരിക്കുന്നതിന് മുമ്പ് തിരിച്ചുപോയി എന്നാണ് ഒരു മകൻ മൊഴി നൽകിയിരിക്കുന്നത്.
