ശബരിമല: മകരജ്യോതി ദര്‍ശനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. മകരജ്യോതി പ്രഭയില്‍ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ തൊഴുതു വണങ്ങാനുള്ള കാത്തിരിപ്പിലാണ് ഭക്തര്‍. സന്നിധാനത്തും പാണ്ടി താവളത്തിലുമെല്ലാം ഭക്തജനങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എങ്ങും എവിടെയും ശരണമന്ത്രങ്ങള്‍ മാത്രം.
പന്തളം വലിയ കോയിക്കല്‍ ശാസ്താ ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിനു ശരംകുത്തിയിലെത്തും. പതിനെട്ടാംപടി കയറിയെത്തുന്ന തിരുവാഭരണം തന്ത്രി കണ്ഠരര് രാജീവരും മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരിയും ചേര്‍ന്ന് ഏറ്റുവാങ്ങി ശ്രീകോവിലിലെത്തിക്കും. അയ്യപ്പ വിഗ്രഹത്തില്‍ തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടത്തുന്ന സമയത്ത് ആകാശത്ത് മകരനക്ഷത്രവും പൊന്നമ്പല മേട്ടില്‍ മകരജ്യോതിയും തെളിയും. എല്ലാ കണ്ഠങ്ങളിലും ശരണം വിളി മുഴങ്ങും.
പമ്പയില്‍ നിന്നു തീര്‍ത്ഥാടകരെ മല കയറ്റിവിടുന്നത് ഉച്ചക്ക് 12 മണിയോടെ നിര്‍ത്തി വച്ചു. സന്നിധാനത്തും സമീപത്തെ പര്‍ണ്ണശാലകളിലും തമ്പടിച്ചിട്ടുള്ള ഭക്തജന ലക്ഷങ്ങളുടെ മലയിറക്കം കണക്കിലെടുത്തു കൊണ്ടായിരിക്കും ഭക്തരെ മലകയറാന്‍ അനുവദിക്കുക.
മകരവിളക്ക് കണക്കിലെടുത്ത് സന്നിധാനത്തും പരിസരങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പമ്പയിലും ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
