കൊല്ലം: കൊല്ലം കലക്ടറേറ്റില്‍ ഉണ്ടായ ബോംബുസ്‌ഫോടന കേസില്‍ മൂന്നു പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തി. ബേസ് മൂവ്‌മെന്റിന്റെ പ്രവര്‍ത്തകരും തമിഴ്‌നാട് സ്വദേശികളുമായ അബ്ബാസ് അലി, ശംസൂണ്‍ കരിം രാജ, ദാവൂദ് സുലൈമാന്‍ എന്നിവരെയാണ് കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയത്. നാലാം പ്രതി ഷംസുദ്ദീനെ വെറുതെ വിട്ടു. അഞ്ചാം പ്രതി മുഹമ്മദ് അയൂബിനെ നേരത്തെ കേസില്‍ മാപ്പു സാക്ഷിയാക്കിയിരുന്നു.
2016 ജൂണ്‍ 15ന് രാവിലെ 10.45 മണിയോടെയാണ് കലക്ടറേറ്റ് വളപ്പില്‍ പ്രവര്‍ത്തിക്കുന്ന മുന്‍സിഫ് കോടതിക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പില്‍ സ്‌ഫോടനം ഉണ്ടായത്. തൊഴില്‍ വകുപ്പിന്റെ ഉപയോഗിക്കാതെ കിടന്ന ജീപ്പില്‍ ചോറ്റുപാത്രത്തിലാണ് ബോബ് വച്ചിരുന്നത്. രണ്ടു ചോറ്റുപാത്രങ്ങള്‍ക്കുള്ളില്‍ ഡിറ്റണേറ്ററുകളും ബാറ്ററിയും വെടി മരുന്നും നിറച്ച് നടത്തിയ സ്‌ഫോടനത്തില്‍ പേരയം പഞ്ചായത്ത് ഭരണസമിതി മുന്‍ വൈസ് പ്രസിഡണ്ട് സാബുവിനു പരിക്കേറ്റിരുന്നു. ഗുജറാത്തില്‍ പൊലീസ് ഏറ്റുമുട്ടലില്‍ ഇസ്രത്ത് ജഹാന്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായി ദക്ഷിണേന്ത്യയില്‍ മൂന്നു സംസ്ഥാനങ്ങളിലായി കൊല്ലം ഉള്‍പ്പെടെ അഞ്ചു സ്ഥലങ്ങളിലെ കോടതി വളപ്പുകളില്‍ സ്‌ഫോടനം നടത്തിയിരുന്നു. ഇതില്‍ മൈസൂരു കോടതി വളപ്പില്‍ നടന്ന സ്‌ഫോടനക്കേസ് അന്വേഷണമാണ് കൊല്ലം കേസിനു വഴിത്തിരിവായത്.