തലപ്പാടി: ഒമിക്രോണ്‍ ഭീതിയും കോവിഡ് വ്യാപനവും; തലപ്പാടിയില്‍ കര്‍ണ്ണാടക പരിശോധന കര്‍ശനമാക്കി. നാളെ മുതല്‍ ആര് ടി പി സി ആര് ടെസ്റ്റിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ മംഗ്ളൂരുവിലേയ്ക്ക് കടത്തിവിടില്ലെന്നു കര്‍ണ്ണാടക പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും പറഞ്ഞു. കര്‍ണ്ണാടകയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായതോടെയാണ് കര്‍ണ്ണാടക കര്‍ശന നടപടി സ്വീകരിച്ചത്.
ഇന്നു രാവിലെ മുതല്‍ തലപ്പാടിയില്‍ പൊലീസ് വാഹന പരിശോധന കര്‍ശനമാക്കി. ബസുകള്‍ ഒഴികെയുള്ള വാഹനങ്ങളിലെ യാത്രക്കാരെ തടഞ്ഞു നിര്‍ത്തി പരിശോധന നടത്തി. നാളെ മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ കടത്തിവിടില്ലെന്നു വ്യക്തമാക്കി. നാളെ മുതല്‍ ബസ് യാത്രക്കാരെയും 72 മണിക്കൂറിനകം എടുത്ത ആര് ടി പി സി ആര് പരിശോധനയും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയും മാത്രമേ കടത്തി വിടുകയുള്ളൂവെന്നും അധികൃതര്‍ പറഞ്ഞു.
പരിശോധനയ്ക്കായി പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും പ്രത്യേക കൗണ്ടര്‍ സ്ഥാപിച്ചു. സമീപത്തായി വെന്‍ലോക് ആശുപത്രിയുടെ നേതൃത്വത്തില്‍ ആര് ടി പി സി ആര് പരിശോധനാ കേന്ദ്രവും ആരംഭിച്ചു. അതേസമയം ഇടവേളയ്ക്കു ശേഷം തലപ്പാടിയില്‍ പരിശോധന കര്‍ശനമാക്കിയത് കാസര്‍കോട് ജില്ലക്കാരെ ആശങ്കയിലാക്കിയിട്ടുണ്ട്.
ഒമിക്രോണ്‍ നേരിടാന്‍ ജില്ലയിലും കര്‍ശന ഒരുക്കം തുടങ്ങി. തലപ്പാടി അതിര്‍ത്തിയില്‍ ആര് ടി പി സി ആര് കേന്ദ്രം ആരംഭിക്കും. വിദേശത്തു നിന്നു എത്തുന്നവര്‍ക്ക് ഏഴുദിവസം ക്വാറന്റീന് കര്‍ശനമാക്കാനും തീരുമാനിച്ചു.