കാസര്‍കോട്: മാലോം പറമ്പ റേഷന്‍ കടക്ക് സമീപത്തെ ബി.എസ്.എഫ് ജവാന്‍ സെബാസ്റ്റ്യന്റെ വീടിന് സമീപത്തെ വിറക് ഷെഡില്‍ കൂറ്റന്‍ രാജവെമ്പാലയെ കണ്ടെത്തി. ഉടുമ്പിനെ വിഴുങ്ങുന്ന നിലയിലായിരുന്നു രാജവെമ്പാല. വ്യാഴാഴ്ച രാവിലെ 10 മണിയോടെ സ്‌കൂളിലേക്ക് പോകാന്‍ പുറത്തിറങ്ങിയപ്പോള്‍ കുട്ടികളാണ് ആദ്യം കണ്ടത്. രാജവെമ്പാലയുടെ സാന്നിധ്യം ഇല്ലാത്ത പ്രദേശത്താണ് എത്തിയത്. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് വനപാലകരെത്തി. 10 മിനിറ്റ് നേരത്തെ പരിശ്രമത്തില്‍ ഉഗ്രശാലിയായ പാമ്പിനെ പിടികൂടി. മൂന്ന് വയസുള്ള ആണ്‍രാജവെമ്പാലയാണെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. പത്തടി നീളവുമുണ്ട്. പാമ്പിനെ മഞ്ജുച്ചാല്‍ വനത്തില്‍ ഉപേക്ഷിക്കുമെന്ന് വനപാലകര്‍ പറഞ്ഞു.
മലവെള്ള പാച്ചിലിനൊപ്പം കോട്ടഞ്ചേരി വനത്തില്‍ നിന്നും ഒഴുകിയെത്തിയതാണെന്ന് സംശയിക്കുന്നു.
കൊന്നക്കാട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും റസ്‌ക്യൂ ടീം ബീറ്റ് സ്റ്റാഫ് അംഗങ്ങളായ അനൂപ് ചീമേനി, നിഥിന്‍, നിഷ, സന്തോഷ്, രതീഷ്, അജിത്ത്, യഥു എന്നിവരും ചേര്‍ന്നാണ് രാജവെമ്പാലയെ പിടികൂടിയത്. രാജവെമ്പാലയെ പിടികൂടുന്ന വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ പ്രചരിക്കുന്നുണ്ട്.
