കോവിഡ്‌ നിബന്ധന: പാലക്കുന്ന്‌ ക്ഷേത്രത്തില്‍ 2023 വരെ ബുക്ക്‌ ചെയ്‌ത നേര്‍ച്ചകള്‍ മുടങ്ങി

0
46

പാലക്കുന്ന്‌: പാലക്കുന്ന്‌ കഴകം ഭഗവതി ക്ഷേത്രത്തില്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയായി സമര്‍പ്പിക്കുന്ന പ്രധാന നേര്‍ച്ചകളായ കൂട്ടത്തിനും അടിച്ചുതളി സമാരാധനയ്‌ക്കും 2023 വരെ നടത്തിയ ബുക്കിംഗ്‌ മുടങ്ങി. ക്ഷേത്രത്തിലെത്തുന്നവര്‍ക്കെല്ലാം അന്നദാനം വഴിപാടായി വിളമ്പുന്ന അപൂര്‍വ നേര്‍ച്ചയാണിത്‌. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ്‌ ഇവ നടത്താറ്‌. പക്ഷേ കോവിഡ്‌ രോഗ പ്രതിരോധത്തിന്റെ ഭാഗമായി, ആ ദിവസങ്ങളില്‍ ക്ഷേത്രത്തിലെത്തുന്ന ആള്‍ക്കുട്ടം ഒഴിവാക്കാനായി കഴിഞ്ഞ ഒരു വര്‍ഷമായി ഈ നേര്‍ച്ചകള്‍ നീട്ടിവെച്ചിരിക്കുകയാണ്‌. മുന്‍ നിശ്ചയ പ്രകാരം ക്ഷേത്രത്തിന്റെ പേരില്‍ നടത്തേണ്ടിവരുന്ന ഏതാനും ദേവസ്വം വക നേര്‍ച്ചകള്‍ ആചാരസ്ഥാനികരിലും ഏതാനും ഭക്തരിലും മാത്രം ഒതുക്കിയാണ്‌ ഇപ്പോള്‍ ഇവിടെ നടത്തുന്നത്‌ . 2023 വരെ ബുക്ക്‌ ചെയ്‌ത നേര്‍ച്ചകള്‍ ഇനി എന്ന്‌ നടത്താന്‍ പറ്റുമെന്ന്‌ മുന്‍കൂട്ടി അറിയിക്കാനും സാധിക്കുന്നില്ലെന്നും പ്രസിഡന്റ്‌ ഉദയമംഗലം സുകുമാരനും ജനറല്‍ സെക്രട്ടറി പി.പി. ചന്ദ്രശേഖര നും പറയുന്നു. ഈ നേര്‍ച്ചകളുടെ ബുക്കിങ്‌ തുടര്‍ന്നും സ്വീകരിക്കുന്നുണ്ടെങ്കിലും അവ നടത്താനുള്ള തീയതി മുന്‍കൂട്ടി നിശ്ചയിക്കാനാവില്ലെന്ന്‌ അവര്‍ അറിയിച്ചു. ബുധനാഴ്‌ച്ച ഭണ്ഡാരവീട്‌ പുനഃപ്രതിഷ്‌ഠാദിന ‘കൂട്ടം’ നടന്നു. ശനിയാഴ്‌ചയാണ്‌ ക്ഷേത്ര പുനഃപ്രതിഷ്‌ഠാദിന മഹാനിവേദ്യം.

NO COMMENTS

LEAVE A REPLY