കാസർകോട്: ദേശീയ കബഡി താരവും കബഡി അധ്യാപികയുമായിരുന്ന ബേഡകം ചേരിപ്പാടി സ്വദേശിനി പ്രീതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃ മാതാവും കുറ്റക്കാരാണെന്ന് കോടതി. ഭർത്താവ് വെസ്റ്റ് എളേരി മാങ്ങോട് പൊറവങ്കര സ്വദേശി രാഗേഷ് കൃഷ്ണൻ(38), മാതാവ് ശ്രീലത (59) എന്നിവരെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജ് ഒന്ന് എ മനോജ് ആണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതിയായ ഭർതൃപിതാവ് കെ രമേശൻ വിചാരണകിടയിൽ മരണപ്പെട്ടിരുന്നു. കേസിൽ ഈ മാസം 18ന് ശിക്ഷ പറയും. 2017 ആഗസ്റ്റ് 18നാണ് ചേരിപ്പാടിയിലെ സ്വന്തം വീട്ടിൽ പ്രീതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിലെ ഗോവണിയുടെ കൈവരിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സ്ത്രീധനത്തിനായി ഭർത്താവും, ഭർതൃവീട്ടുകാരും ചേർന്ന് പ്രീതിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ് ഐ ആയിരുന്ന എ ദാമോദരൻ ആണ് അന്വേഷണം നടത്തിയത്. കാസർകോട് ഡിവൈഎസ്പി എംവി സുകുമാരനാണു തുടരന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസ്സിൽ പ്രോസ്സിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ഇ ലോഹിതാക്ഷനും അഡ്വക്കറ്റ് ആതിര ബാലനും ഹാജാരായി. രണ്ടായിരത്തിഒൻപത് മുതൽ വിവിധ ടൂർണമെന്റുകളിൽ ഇന്ത്യയെ പ്രതിനിധികരിച്ച പ്രീതി ബള്ളൂർ ഹയർ സെക്കൻഡറി സ്കൂളിൽ കായികധ്യാപികയായിരുന്നു.