കണ്ണൂര്‍: അന്തര്‍സംസ്ഥാന ജ്വല്ലറി കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍. ബീഹാര്‍, സ്വദേശിയായ ധര്‍മ്മേന്ദ്രസിംഗി(34)നെയാണ് കണ്ണൂര്‍ എ.സി.പി ടി.കെ രത്‌നകുമാറിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. നേപ്പാള്‍ അതിര്‍ത്തി ഗ്രാമമായ സഹര്‍സ, മഹറാസിലെ ഒളിവുകേന്ദ്രത്തില്‍ വച്ചായിരുന്നു അറസ്റ്റ്. ജൂണ്‍ 30ന് പുലര്‍ച്ചെയാണ് അറസ്റ്റിനാസ്പദമായ സംഭവം. താവക്കരയിലെ അര്‍ഷിത്ത് ജ്വല്ലറി 2022ല്‍ കുത്തിത്തുറന്ന കേസിലും ഇക്കഴിഞ്ഞ ജൂണ്‍ 30ന് ഇതേ ജ്വല്ലറിയില്‍ കവര്‍ച്ചാശ്രമം നടത്തിയ കേസിലും ഇയാള്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. രണ്ടാമത്തെ കവര്‍ച്ചാശ്രമത്തിനിടയില്‍ അലാറം മുഴങ്ങിയതിനാല്‍ ധര്‍മ്മേന്ദ്ര രക്ഷപ്പെട്ടിരുന്നു. 2022ല്‍ കവര്‍ച്ച നടത്താന്‍ എത്തിയ ധര്‍മ്മേന്ദ്രയുടെ വിരലടയാളം പൊലീസ് കണ്ടെത്തിയിരുന്നു. കവര്‍ച്ചകള്‍ക്കു പിന്നില്‍ ഹരിയാന സ്വദേശിയാണെന്നാണ് പൊലീസ് കണക്കു കൂട്ടിയിരുന്നത്. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ മേല്‍വിലാസം തെറ്റാണെന്നു കണ്ടെത്തി. തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ നേപ്പാള്‍ അതിര്‍ത്തിയില്‍ വച്ച് അറസ്റ്റു ചെയ്തത്. 2011ല്‍ വയനാട്ടില്‍ നടന്ന ജ്വല്ലറി കവര്‍ച്ച കേസ് അന്വേഷണത്തിനിടയിലും ധര്‍മ്മേന്ദ്രയുടെ വിരലടയാളം കണ്ടെടുത്തിരുന്നു. എന്നാല്‍ പിന്നീടാണ് താവക്കരയിലെ ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. പൊലീസ് സംഘത്തില്‍ കണ്ണപുരം എസ്.ഐ രാജീവന്‍ കണ്ണൂര്‍ ടൗണ്‍ എസ്.ഐ അജയന്‍, എ.എസ്.ഐ രഞ്ജിത്ത്, സിപിഒ നിധീഷ് എന്നിവരും ഉണ്ടായിരുന്നു.
