കാസര്‍കോട്: അടുക്കത്ത് ബയല്‍, ബിലാല്‍ മസ്ജിദിനു സമീപത്തെ സി.എ മുഹമ്മദി(56)നെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ വീതം പിഴയും വിധിച്ചു. കൂഡ്ലു, ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ സന്തോഷ് നായക് എന്ന ബജെ സന്തോഷ് (37), താളിപ്പടുപ്പിലെ കെ. ശിവപ്രസാദ് എന്ന ശിവന്‍ (41), അയ്യപ്പ നഗറിലെ കെ. അജിത്കുമാര്‍ എന്ന അജ്ജു (36), അടുക്കത്ത് ബയല്‍, ഉസ്മാന്‍ ക്വാര്‍ട്ടേഴ്സിലെ കെ.ജി കിഷോര്‍ കുമാര്‍ എന്ന കിഷോര്‍ (40) എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി കെ. പ്രിയ ശിക്ഷ വിധിച്ചത്. 2008 ഏപ്രില്‍ 18ന് ആണ് മുഹമ്മദ് കൊല്ലപ്പെട്ടത്. അന്ന് ഉച്ചയ്ക്ക് 12ന് അടുക്കത്ത് ബയല്‍ ബിലാല്‍ മസ്ജിദ് സമീപം പ്രതികള്‍ പിടിച്ചുനിര്‍ത്തി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. അന്ന് സിഐ ആയിരുന്ന കാസര്‍കോട് അഡീഷനല്‍ എസ്പി പി.ബാലകൃഷ്ണന്‍ നായരായിരുന്നു കേസ് അന്വേഷിച്ചത്. പ്രതികളെ രണ്ടാഴ്ചയ്ക്കകം തന്നെ കര്‍ണാടകയിലെ കങ്കനാടിയില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു. 2018 ല്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി. കുറ്റക്കാരെ കണ്ടെത്തിയ ശേഷം പ്രതികള്‍ക്ക് എന്തെങ്കിലും പറയാന്‍ ഉണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോള്‍ മൂന്നാംപ്രതിയായ അജിത്ത് കുമാര്‍ സംഭവം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നു പറഞ്ഞിരുന്നു. ഇതു കണക്കിലെടുത്താണ് വിധി പ്രസ്താവന വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. ഗോവ ഗവര്‍ണറായ ബിജെപി നേതാവ് പിഎസ് ശ്രീധരന്‍ പിള്ളയുടെ ജൂനിയര്‍ അഭിഭാഷകനാണ് പ്രതികള്‍ക്ക് വേണ്ടി വാദിച്ചത്. കൊല്ലപ്പെട്ട മുഹമ്മദ് ഹാജിയുടെ മകന്‍ ശിഹാബ്, വഴിയാത്രക്കാരന്‍ എന്നിവരാണ് കേസിലെ പ്രധാന സാക്ഷികള്‍.