മംഗ്‌ളൂരു: ദോഷ പരിഹാരത്തിനു സമീപിച്ച യുവതിയെ ബലാത്സംഗം ചെയ്ത പൂജാരി അറസ്റ്റില്‍. ഹാസന്‍, അരസിക്കരയിലെ പുരാതന ക്ഷേത്രമായ പുരതമ്മക്ഷേത്രത്തിലെ പൂജാരി ദയാനന്ദ (39)യെയാണ് ബംഗ്‌ളൂരു ബഗള ഗുണ്ടയിലെ ഒളിത്താവളത്തില്‍ നിന്നു പൊലീസ് അറസ്റ്റു ചെയ്തത്.
ക്ഷേത്രത്തിലെ പൂജാദി കാര്യങ്ങള്‍ക്കു പുറമെ കൈനോട്ടം, മാരണം നീക്കല്‍ തുടങ്ങിയവയും ദയാനന്ദ നടത്തി വരാറുണ്ടെന്നു പൊലീസ് പറഞ്ഞു. വിദൂര ദിക്കുകളില്‍ നിന്നു പോലും സ്ത്രീകളടക്കമുള്ള നൂറു കണക്കിനു പേര്‍ ദയാനന്ദയെ തേടിയെത്താറുണ്ട്. അത്തരത്തില്‍ എത്തിയ ഒരു യുവതിയാണ് പീഡനത്തിനു ഇരയായത്. വ്യക്തിപരവും കുടുംബപരവുമായ പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടിയാണ് യുവതി ദയാനന്ദയെ തേടിയെത്തിയത്. ആദ്യം കണ്ടപ്പോള്‍ കൈരേഖ നോക്കി പ്രശ്‌നപരിഹാരം നിര്‍ദ്ദേശിച്ചു. രണ്ടാമത് എത്തിയപ്പോള്‍ പതിനായിരം രൂപ കൈപ്പറ്റിയ ശേഷം മന്ത്രിച്ചൂതിയതെന്നു പറഞ്ഞ് ഒരു ചെറുനാരങ്ങ നല്‍കി. ഇത് കിടക്കുമ്പോള്‍ തലയുടെ അടിയില്‍ വയ്ക്കണമെന്നു ഉപദേശവും നല്‍കി. പ്രശ്‌ന പരിഹാരം ഉണ്ടാകാത്തതിനെ തുടര്‍ന്ന് യുവതി മൂന്നാം തവണയും എത്തിയപ്പോഴാണ് ബലാത്സംഗം ചെയ്തതെന്നു അവര്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറഞ്ഞു. കേസെടുത്തതോടെയാണ് ദയാനന്ദ ഒളിവില്‍ പോയതെന്നു പൊലീസ് പറഞ്ഞു.