ഉപനിഷത് സാഗരം-9 ഛാന്ദോഗ്യോപനിഷത്ത് ആറാം അധ്യായം

മന്ത്രം2: സ: ഹ പഞ്ചദശാഹാനി നാശ, അഥ
ഹൈനമുപസസാദ, കിം ബ്രവീമി ഭോ ഇതി
ഋച: സോമ്യ യജ്ജുംഷി സാമാനീതി, സഹോ-
വാച ന വൈ മാ പ്രതിഭാന്തി ഭോ ഇതി.
സാരം: അവന്‍ (ശ്വേതകേതു) അപ്രകാരം പതിനഞ്ചുദിവസം ആഹാരമൊന്നും കഴിക്കാതിരുന്നു. അതിന് ശേഷം പിതാവിനെ സമീപിച്ചുകൊണ്ട് ചോദിച്ചു ‘ഞാന്‍ എന്തു പറയണം?’ എന്ന്. അപ്പോള്‍ പിതാവ് അവനോട് പറഞ്ഞു. ‘അല്ലയോ സൗമ്യ, ഋതു, യജ്ജുര്‍, സാമങ്ങളെ പറയുക’ എന്ന്. അത് കേട്ട് ശ്വേതകേതു പറഞ്ഞു. ‘എനിക്ക് അവയൊന്നും ഓര്‍മ്മ വരുന്നില്ല’ എന്ന്.
നാം കഴിക്കുന്ന ഭക്ഷണത്തിന്റെ ഏറ്റവും സൂക്ഷ്മമായ അംശമാണ് മനസ്സായിത്തീരുന്നത് എന്ന് ഗുരു ശിഷ്യനോട് പറയുകയുണ്ടായി. പറഞ്ഞ കാര്യങ്ങള്‍ ഉദാഹരണ സഹിതം വ്യക്തമാക്കിയാലേ പഠിതാവിന് ആ അറിവ് അനുഭവതലത്തില്‍ ഉറക്കുകയുള്ളു. മനസ്സെന്നാല്‍ അന്തക്കരണമെന്നാണ് ഇവിടെ മനസ്സിലാക്കേണ്ടത്. അതിന് മനസ്സ് ബുദ്ധി, ചിത്തം, അഹങ്കാരം എന്നിങ്ങനെ നാലു തലങ്ങളുണ്ട്. ഇവ നാലിനും നാലു തരം ധര്‍മ്മങ്ങളാണ്. മനസ്സിന്റെ ധര്‍മ്മം സങ്കല്‍പ-വികല്‍പ്പങ്ങളാണ്. അത് സംശയാത്മകമാണ്. ബുദ്ധിയാണെങ്കില്‍ നിശ്ചയാത്മകമാണ്. വിവേകപൂര്‍വ്വം തീരുമാനങ്ങളെടുക്കുന്നത് ബുദ്ധിയാണ്. ചിത്തത്തിന്റെ ധര്‍മ്മം സംഭവങ്ങളെ ഓര്‍ത്തെടുക്കുകയാണ്. ഞാന്‍ എന്ന ബോധമാണ് അഹങ്കാരം. കര്‍ത്തത്വഭോക്തൃത്വ അഭിമാനം അഹങ്കാരത്തിന്റേതാണ്. ആഹാരം കഴിക്കാതിരുന്നാല്‍ അന്ത:കരണത്തിന്റെ ഈ നാലുധര്‍മ്മങ്ങളും നടക്കാതെയാകും. ഈ സത്യം സ്വാനുഭവത്തിലൂടെ മനസ്സിലാക്കിക്കൊടുക്കാനായിരുന്നു ഗുരുവിന്റെ ഈ പരീക്ഷണം.
മന്ത്രം 3: തംഹോവാചയഥാ സോമ്യ
മഹതോƒഭ്യാഹിതസൃ ഏകോംƒഗാര: ഖദ്യോതമാത്ര:
പരിശിഷ്ട: സ്യാത്തേന താതോƒപി ന ബഹുദഹേത്,
ഏവം സോമ്യ തേ ഷോഡശാനാം കലാനാം ഏകാ
കലാതിശിഷ്ടാസ്യാത്, തയൈര്‍ഹി വേദാന്‍
നാനുഭവസി അശാനാഥ മേ വിജ്ഞാസ്യസീതി.
സാരം: ഉദ്ദാലകന്‍ ശ്വേത കേതുവിനോട് ഇപ്രകാരം പറഞ്ഞു. ‘അല്ലയോ സൗമ്യ, കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ അഗ്‌നിയില്‍ മിന്നാമിനുങ്ങിനോളം വലുപ്പമുള്ള ഒരു കനല്‍ത്തരി മാത്രം അവശേഷിക്കുകയും, അതിനെക്കൊണ്ട്, അതിനേക്കാള്‍ വലുതിനെയൊന്നും ദഹിപ്പിക്കാന്‍ സാധിക്കാതെയുമാവുന്നു. അതുപോലെ ഹേ സൗമ്യാ നിന്റെ പതിനാറുകലകളില്‍ ഏതെങ്കിലും ഒന്ന് മാത്രം ബാക്കിയായിരുന്നത് കൊണ്ട് നിനക്ക് മുമ്പ് പഠിച്ച വേദങ്ങളെയൊന്നും ഓര്‍ക്കുവാന്‍ സാധിക്കുന്നില്ല. പോയി ഭക്ഷണം കഴിക്കു. അതിന് ശേഷം ഞാന്‍ പറഞ്ഞതിന്റെ പൊരുള്‍ നിനക്ക് നസ്സിലാകും എന്ന്’
(തുടരും)

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page