കാസർകോട്: ദേശീയപാതയിലെ സർവീസ് റോഡിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞുണ്ടായ ഏറ്റുമുട്ടലിൽ നിരവധി കുട്ടികൾക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം നായ്മാർമൂല സ്കൂളിലെ വിദ്യാർഥികൾ തമ്മിലാണ് ഏറ്റുമുട്ടിയതെന്നു പൊലീസ് പറഞ്ഞു. സിനിമയെ വെല്ലുന്ന കാഴ്ചയായിരുന്നു വെന്നു ദൃക്സാക്ഷികൾ പറയുന്നു. വടികൊണ്ടായിരുന്നു ഏറ്റുമുട്ടൽ. കഴിഞ്ഞ മൂന്ന് ദിവസമായി സീനിയർ വിദ്യാർഥികളും ജൂനിയർ വിദ്യാർഥികളും തമ്മിൽ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് വിദ്യാനഗർ ഇൻസ്പെക്ടർ യുപി വിപിൻ പറയുന്നു. അധ്യാപക-രക്ഷാകർതൃ യോഗം വിളിച്ച് ചേർത്ത് വിദ്യാർഥികൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കണമെന്ന് സ്കൂൾ അധികൃതരോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. യോഗം വിളിക്കുന്ന കാര്യത്തിൽ ബന്ധപ്പെട്ടവർ താൽപ്പര്യം പ്രകടിപ്പിക്കുന്നില്ലെന്നു പരക്കെ ആക്ഷേപമുണ്ട്. സംഘർഷം കാരണം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. പൊലീസ് എത്തിയതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. സംഭവത്തിൽ പ്രിൻസിപ്പലിന് നോട്ടിസ് നൽകിയിട്ടുണ്ടെന്ന് വിദ്യാനഗർ ഇൻസ്പെക്ടർ പറഞ്ഞു. പ്രശ്നത്തിന് പിന്നിൽ റാഗിങ്ങും ഉണ്ടെന്നു ആരോപണമുണ്ട്. സംഘർഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.