പഴവങ്ങാടി തകരപ്പറമ്പിലെ കനാലില്‍ നിന്ന് ലഭിച്ച മൃതദേഹം എന്‍ ജോയിയുടേത് തന്നെയെന്ന് ഔദ്യോഗികമായി ബന്ധുക്കള്‍ എത്തി സ്ഥിരീകരിച്ചു. കൂടെ ജോലി ചെയ്തിരുന്നവരും വാര്‍ഡ് മെമ്പറും മൃതദേഹം ലഭിച്ചതും ജോയിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വൈകീട്ട് വീടിന് സമീപത്തുതന്നെ സംസ്‌കരിക്കും. 48 മണിക്കൂര്‍ നീണ്ട തെരച്ചിലിനിടെയാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ കഴിഞ്ഞ ശനിയാഴ്ചയാണ് ജോയിയെ കാണാതായത്. ജോയിക്കായി തെരച്ചില്‍ മൂന്നാം ദിവസത്തിലേക്ക് കടന്നിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഫയര്‍ഫോഴ്‌സ്, എന്‍ഡിആര്‍എഫ് സംഘങ്ങള്‍ റെയില്‍വേയുടെ ഭാഗത്ത് തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. തിങ്കളാഴ്ച രാവിലെ കൊച്ചിയില്‍ നിന്നുളള നേവി സംഘവും സ്ഥലത്ത് തെരച്ചിലിനെത്തിയിരുന്നു. തെരച്ചില്‍ ആരംഭിക്കാനിരിക്കെയാണ് തകരപറമ്പ് ഭാഗത്ത് ഒരു മൃതദേഹം കനാലില്‍ കണ്ടെത്തിയെന്ന വിവരം പുറത്ത് വന്നത്. ശുചീകരണ തൊഴിലാളികളാണ് മാലിന്യങ്ങള്‍ക്കിടയില്‍ ഒരു മൃതദേഹം പൊങ്ങിക്കിടക്കുന്നുവെന്ന വിവരം പൊലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ പൊലീസ് സംഘവും ജോയിയുടെ ബന്ധുക്കളും സ്ഥലത്തെത്തി. ജീര്‍ണിച്ച അവസ്ഥയിലാണെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും മൃതദേഹം ജോയിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു.