കാസര്‍കോട്: വഴിയാത്രക്കാരായ സ്ത്രീകളുടെ കഴുത്തില്‍ നിന്നു മാലപ്പൊട്ടിക്കല്‍ പരമ്പര നടത്തിയ യുവാവ് അറസ്റ്റില്‍. മേല്‍പ്പറമ്പ്, കൂവത്തൊട്ടിയിലെ മുഹമ്മദ് ഷംനാസ്(33)നെയാണ് ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ബേക്കല്‍ മേല്‍പറമ്പ്, വിദ്യാനഗര്‍, ബേഡഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിക്കുള്ളില്‍ നിന്നു ഏഴുമാസത്തിനുള്ളില്‍ പത്തിലേറെ മാലപ്പൊട്ടിക്കല്‍ സംഭവങ്ങളാണ് ഉണ്ടായത്. ഇതു സംബന്ധിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെങ്കിലും അക്രമിയെ കണ്ടെത്താനായില്ല. സംഭവം തുടര്‍ന്നതോടെ പൊലീസ് മൈക്ക് അനൗണ്‍സ്മെന്റ് ഉള്‍പ്പെടെ നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷംനാസ്‌കുടുങ്ങിയത്. സംഭവ പരമ്പരകള്‍ക്കു പിന്നില്‍ ഇയാളാണെന്നു മനസ്സിലാക്കിയ പൊലീസ് സംഘം വേഷം മാറി രഹസ്യമായി നിരീക്ഷിച്ചാണ് പ്രതിയെ വലയിലാക്കിയത്. കുറ്റകൃത്യങ്ങള്‍ക്കു ഉപയോഗിച്ചതെന്നു കരുതുന്ന രണ്ടു ഇരുചക്ര വാഹനങ്ങളും ഇയാളില്‍ നിന്നു കണ്ടെടുത്തതായാണ് സൂചന. വഴിയാത്രക്കാരായ സ്ത്രീകളുടെ മാലപ്പൊട്ടിക്കല്‍ സംഭവത്തെ തുടര്‍ന്ന് പൊതു സമൂഹത്തില്‍ ചര്‍ച്ച നടന്നപ്പോള്‍ അതിലൊക്കെ ഷംനാസു സജീവമായി പങ്കെടുത്തുവെന്നും സൂചനയുണ്ട്.