പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കെരാംപാറ സ്വദേശിയായ ഷെഫീഖ്(24) ആണ് കൊല്ലപ്പെട്ടത്. കൊഴിഞ്ഞാമ്പാറ ഒഴലപ്പതിയിലാണ് സംഭവം. കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നല്‍കാത്തതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. നെല്‍സണ്‍, ജെന്‍സണ്‍ എന്നിവരാണ് ഷെഫീഖിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് സംഭവം. പ്രതിയായ നെല്‍സണ്‍ കാളവണ്ടിയുമായി പോകുന്നതിനിടെ ബൈക്കില്‍ എത്തിയ ഷെഫീഖിന് വഴി നല്‍കിയില്ല. ഇത് ഷെഫീഖ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടെ നെല്‍സണ്‍, ജെന്‍സണ്‍ എന്നിവര്‍ യുവാവിനെ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ യുവാവ് മരിച്ചിരുന്നു. ഷെഫീഖിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.








