കാസര്‍കോട്: ഫോണിലൂടെ പരിചയപ്പെട്ട 17 കാരിയോട് സ്ഥിരമായി വിവാഹ അഭ്യര്‍ത്ഥന നടത്തി ശല്യം ചെയ്യുന്നുവെന്ന പരാതിയില്‍ അഡൂര്‍ സ്വദേശിക്കെതിരെ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ പരാതി പ്രകാരമാണ് 23കാരനെതിരെ കേസെടുത്തത്.
ഫോണ്‍ വഴിയാണ് പെണ്‍കുട്ടിയുമായി യുവാവ് പരിചയപ്പെട്ടതെന്നു പറയുന്നു. പിന്നീട് എല്ലാ ദിവസവും രാവിലെ ശുഭദിനവും രാത്രിയിൽ,ശുഭരാത്രിയും നേര്‍ന്നുകൊണ്ട് സന്ദേശങ്ങള്‍ അയക്കുകയായിരുന്നുവത്രെ. പിന്നീട് സന്ദേശത്തിന്റെ സ്വഭാവം മാറുകയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവത്രെ. തനിക്ക് വിവാഹത്തിനു താല്‍പ്പര്യം ഇല്ലെന്നു പെണ്‍കുട്ടി അറിയിച്ചുവെങ്കിലും ആവശ്യത്തില്‍ നിന്നു പിന്മാറാന്‍ യുവാവ് തയ്യാറായില്ല. ശല്യം രൂക്ഷമായതോടെയാണ് പെണ്‍കുട്ടി ആദൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.






