ബെംഗളൂരു: പണം ആവശ്യപ്പെട്ട് വിവാഹിതയായ യുവതിയുടെ തുടര്‍ച്ചയായ ബ്ലാക്ക് മെയിലിംഗില്‍ മനംനൊന്ത് ഫിറ്റ്നസ് പരിശീലകന്‍ ആത്മഹത്യ ചെയ്‌തെന്ന ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ബെംഗളൂരുവില്‍ ഫിറ്റ് നെസ് പരിശീലകനായി ജോലി ചെയ്യുന്ന 28 കാരനായ ദിലീപ് ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ആരോപണ വിധേയയായ 42 കാരിക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പൊലീസില്‍ പരാതി നല്‍കി.
യോഗിത എന്ന യുവതിയാണ് സഹോദരന്റെ മരണം അറിയിച്ച് തനിക്ക് ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയച്ചതെന്നും അപ്പോഴാണ് മരണ വിവരം അറിയുന്നതെന്നും ദിലീപിന്റെ സഹോദരി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
ജിമ്മില്‍ വച്ച് പരിചയപ്പെട്ട 42 കാരിയായ വിവാഹിതയായ ഒരു സ്ത്രീയുമായി ദിലീപ് അടുപ്പത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു. പിന്നീട് പണത്തിനും സ്വത്തിനും വേണ്ടി അവര്‍ സഹോദരനെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ തുടങ്ങി. ഇതുസംബന്ധിച്ച് നേരത്തെ ദിലീപ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ വച്ച് യുവതിയുടെ ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ വിഷയം പരിഹരിച്ചെങ്കിലും സഹോദരന് നേരെയുള്ള ബ്ലാക്ക് മെയിലിംഗ് തുടര്‍ന്നുവെന്ന് കുടുംബം ആരോപിച്ചു.
യുവതിയുടെ നിരന്തരമായ മാനസിക പീഡനമാണ് ദിലീപിന്റെ മരണത്തിന് കാരണമായതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







