കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്നും ചാടി മരിച്ച സംഭവത്തിൽ അധ്യാപകരായ രണ്ട് ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. അനാട്ടമി വിഭാഗം മേധാവി ഡോ.എം.കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ സംഗീത എന്നിവരെയാണ് സസ് പെൻഡ് ചെയ്തത്. ജാതിയും നിറവും പറഞ്ഞ് അധ്യാപകർ അധിക്ഷേപിക്കുന്നതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന ബന്ധുക്കളുടെ പരാതിയെ ത്തുടർന്നാണു നടപടി. ഹോസ്റ്റൽ വാർഡൻ കമലിനെതിരെയും പരാതിയുണ്ട്. കോളേജിലെ ബി.ഡി.എസ് . ഒന്നാം വർഷ വിദ്യാർഥിയായ നിധിൻ രാജ് വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിനു മുകളിൽ നിന്നു ചാടി മരിച്ചത്. വകുപ്പ് മേധാവികൾതന്നെ നിരന്തരം അധിക്ഷേപിക്കുകയും പരിഹസിക്കുകയുമാണെന്നു നിധിൻ രാജ് വീട്ടുകാരെ നേരത്തെ അറിയിച്ചിരുന്നുവെന്ന് പരാതിയിൽ പറഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് നിധാൻ രാജ്. പാവപ്പെട്ട കുടുംബാംഗമാണ്. രണ്ട് സഹോദരിമാരുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അധികൃതർ പ്രത്യേക സമിതി രൂപീകരിച്ചു. കണ്ണൂർ ചക്കരക്കല്ല് പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







