തിരുവനന്തപുരം: സ്വകാര്യ ബസുകളില്‍ സീറ്റുകള്‍ക്കിടയില്‍ നിശ്ചിത അകലം പാലിക്കുന്നില്ലെന്നും കൂടുതല്‍ സീറ്റുകള്‍ കുത്തിനിറയ്ക്കുന്നതിനാല്‍ യാത്രക്കാരുടെ കാല്‍മുട്ടുകള്‍ സീറ്റുകള്‍ക്കിടയില്‍ കുടുങ്ങുന്നതായും പരാതി. കോഴിക്കോട് പേരാമ്പ്ര സ്വദേശി ടി.സി വിജീഷ് ആണ് മനുഷ്യാവകാശ കമ്മീഷന് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.
പരാതിയില്‍ നടപടിയെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എല്ലാ സ്റ്റേജ് ക്യാരേജുകളിലെയും സീറ്റുകള്‍ തമ്മില്‍ നിയമാനുസൃത അകലമുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. ഇത് പ്രകാരമുള്ള ഔദ്യോഗിക നിര്‍ദേശങ്ങള്‍ എല്ലാ ആര്‍ടിഒമാര്‍ക്കും നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
സ്വകാര്യ ബസുകളിലെ സീറ്റുകള്‍ തമ്മില്‍ 68.5 സെന്റീമീറ്റര്‍ അകലം ഉണ്ടായിരിക്കണമെന്ന് ആര്‍ടിഒ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. യാത്രക്കാര്‍ക്ക് പരാതിയുള്ള ബസുകളുടെ നമ്പര്‍ അധികൃതരെ അറിയിക്കാം. വാഹന പരിശോധനക്കിടെ നിയമലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ബൈജുനാഥ് വ്യക്തമാക്കി.







