തിരുവനന്തപുരം: വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ക്ക് സൗജന്യ യാത്രയൊരുക്കി ഊബര്‍ ഇന്ത്യ. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസുമായി സഹകരിച്ചാണ് ഊബര്‍ ഇന്ത്യ ഈ പദ്ധതി നടപ്പാക്കുന്നത്. ഊബര്‍ ആപ്പിലെ കാര്‍, ഓട്ടോ എന്നീ വിഭാഗങ്ങളില്‍ സൗജന്യ സേവനം ലഭ്യമാകും. എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ മാത്രമാണ് സേവനം. വോട്ടര്‍മാര്‍ കയറുന്ന സ്ഥലത്തു നിന്നു രണ്ട് കിലോമീറ്റര്‍ വരെയുള്ള യാത്രകളാണ് സൗജന്യം. രണ്ട് കിലോമീറ്ററിന് ശേഷമുള്ള യാത്രക്ക് ഊബര്‍ നിശ്ചയിച്ചിട്ടുള്ള തുക നല്‍കണം.
ബുക്കിങ്ങിനായി ഊബര്‍ ആപ്പില്‍ ‘Travel to your polling booth for free’ എന്ന ഓപ്ഷന്‍ അമര്‍ത്തിയാല്‍ മതി. എല്ലാ പോളിങ് ബൂത്തുകളുടെയും ലൊക്കേഷനുകള്‍ ആപ്പില്‍ ഉണ്ട്. പോളിങ് ബൂത്തുകളില്‍ നിന്നു തിരിച്ചു വീട്ടിലേക്കും സൗജന്യമായി മടങ്ങാം.
യാത്രാ സൗകര്യങ്ങളുടെ അഭാവം മൂലം വോട്ടിങ് ശതമാനം കുറയാതിരിക്കാനും എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.







